ലോക്ക്ഡൗണ്‍ ലംഘനത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചുകൊടുക്കും


ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു കൊടുക്കും. പൊലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ തിരിച്ചു കൊടുക്കും.

വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ ഈടാക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

അതേസമയം ഈസ്റ്റര്‍ കാലം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ പരിശോധനകള്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും കടത്തിവിടേണ്ടെന്ന നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി നല്‍കിയിട്ടുണ്ട്. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടുത്ത ദിവസങ്ങളില്‍ നേരിട്ട് പരിശോധന നടത്തും.

SHARE