ലോക്ക് ഡൗണ്‍ വിലവെക്കാതെ രണ്ടുതവണ പുറത്തിറങ്ങിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ വിലവെക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി പൊലീസ്. പുറത്തിറങ്ങി അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെയാണ് നടപടി കര്‍ശനമാക്കിയത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിയന്ത്രണം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനും വാഹനം പിടിച്ചെടുക്കാനുമാണ് തീരുമാനം. ഈ വാഹനങ്ങള്‍ ഏപ്രില്‍ 14 വരെ ഉടമക്കു വിട്ടുനല്‍കില്ല. കൂടാതെ രണ്ടുവട്ടം വിലക്കു ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

സത്യവാങ്മൂലം നല്‍കാതെയുള്ള യാത്ര അനുവദിക്കില്ല. അവശ്യ സേവനങ്ങളായ ആശുപത്രി, ഫാര്‍മസി, പലചരക്കു കടകള്‍, ഹോം ഡെലിവറി, പാചക വാതക ഗ്യാസ് വിതരണം, ബാങ്ക് ആവശ്യങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.