ഇന്ന് സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് പൂര്‍ണ ലോക്ഡൗണ്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമേ അനുമതിയുണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആസപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാകും. മാധ്യമങ്ങള്‍ക്കും വിവാഹ, മരണച്ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല. ദേവാലയങ്ങള്‍പതിവ് നിയന്ത്രണം പാലിക്കണം.

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം. മറ്റ് അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് റോഡുകള്‍ വീതം അടയ്ക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍വീതം രാവിലെ അഞ്ചുമുതല്‍ 10 വരെ അടച്ചിടും. കോഴിക്കോട്ട് ബീച്ച്റോഡ്, എരഞ്ഞിപ്പാലം-സരോവരം പാര്‍ക്ക് പി.എച്ച്.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂര്‍ റോഡ് എന്നിവയാണ് അടയ്ക്കുന്നത്.

SHARE