ബാങ്കുകളുടെ പുതുക്കിയ പ്രവൃത്തിസമയം ഇങ്ങനെ…

തിരുവനന്തപുരം: രാജ്യം മൂന്നു ആഴ്ച്ചത്തേക്ക് പൂര്‍ണ്ണമായും ലോക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നു. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്.
എച്ച്ഡിഎഫ്‌സി ബാങ്ക് -ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക. പാസ്ബുക്ക് പുതുക്കല്‍, വിദേശ കറന്‍സി വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശാഖകളില്‍ ജീവനക്കാര്‍ നാമമാത്രമായതിനാല്‍ പരമാവധി പേര്‍ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കായി ഐമൊബൈല്‍, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

എസ്ബിഐ പ്രവര്‍ത്തന സമയത്തില്‍മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിര്‍ദേശം നല്‍കി.