കൊണ്ടോട്ടിയില്‍ അമിതവില ഈടാക്കുന്നത് പരിശോധിക്കാനെത്തിയ നഗരസഭാ അധികൃതര്‍ക്കുനേരെ പൊലീസിന്റെ ക്രൂരമര്‍ദനം വീഡിയോ

മലപ്പുറം: ലോക്ക് ഡൗണിന്റെ പേരില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ പൊലീസിന്റെ മര്‍ദനം.സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ നഗരസഭാ അധികൃതര്‍ക്കു നേരെയാണ് പൊലീസിന്റെ അഴിഞ്ഞാട്ടം. പൊലീസ് വാഹനത്തില്‍ നിന്നിറങ്ങിയ ഉദ്യോഗസ്ഥന്‍ ഓടിവന്ന് പൊതിരെ തല്ലുകയായിരുന്നു. തല്ലുകൊണ്ടു മാറിയനിന്ന ഉദ്യോഗസ്ഥരെ വീണ്ടും ഓടിച്ചിട്ട് തല്ലാന്‍ ശ്രമിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടകളില്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടക്കുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്ക് ഇറങ്ങിയതായിരുന്നു ഇവര്‍. കടക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നതിനിടെയാണ് പൊലീസെത്തി കൂടിനിന്ന നഗരസഭ ജീവനക്കാരുള്‍പെടെയുള്ളവരെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടായത്.

നഗരസഭ അധികൃതര്‍ പരിശോധനക്കെത്തിയ വാഹനത്തിനു മുന്നില്‍ നഗരസഭയുടെ സ്റ്റിക്കര്‍ പതിച്ച വാഹനമുണ്ടായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍ പെടാത്തത് കടുത്ത വീഴ്ചയാണ്.

നഗര സഭ ജീവനക്കാരാണെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഇവര്‍ക്ക് കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്. നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ബാബുവിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

SHARE