കേരളത്തിന് പ്രത്യേക ഇളവുകള്‍ വേണം: ചീഫ് സെക്രട്ടറി


തിരുവനന്തപുരം: കേരളത്തിന് പ്രത്യേക ഇളവുകള്‍ വേണമെന്ന് ചീഫ്സെക്രട്ടറി ടോം ജോസ്. കേരളത്തിന് പ്രത്യേക ഇളവുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ഉന്നയിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ നിരീക്ഷണത്തിന് പിന്നാലെ ലോക്ഡൗണില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കേരളം തിരുത്തിയിരുന്നു. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലായിരുന്നു തീരുമാനം.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും

ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം തുടരേണ്ടി വരുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞിരുന്നു. കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

SHARE