മോദിയുടെ വഴിയെ ഉര്‍ദുഗാന്‍; തുര്‍ക്കിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി

അങ്കാറ:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃകയില്‍ തുര്‍ക്കിയില്‍ അപ്രതീക്ഷിത ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രണ്ടു മണിക്കൂര്‍ മുമ്പ് മാത്രം നോട്ടീസ് നല്‍കിയാണ് ഉര്‍ദുഗാന്‍ രാജ്യത്ത് രണ്ടു ദിവസത്തേക്ക് ലോക്കഡൗണ്‍ പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു നിയന്ത്രണങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണിനായി ഇന്ത്യയില്‍ നാലു മണിക്കൂര്‍ നേരമാണ് ഒരുങ്ങാന്‍ കിട്ടിയിരുന്നത്. ആസൂത്രണ രഹിതമായ ലോക്ക്ഡൗണാണ് പ്രഖ്യാപിക്കപ്പെട്ടത് എന്ന വിമര്‍ശനം ശക്തമായിരുന്നു. പ്രഖ്യാപനത്തിന് ശേഷം തെരുവുകളിലുണ്ടായ തൊഴിലാളി കുടിയേറ്റം സര്‍ക്കാറിന് തലവേദനയായിരുന്നു.

രാത്രി പത്തു മണിക്കായിരുന്നു ഉര്‍ദുഗാന്റെ പ്രഖ്യാപനം. പന്ത്രണ്ടു മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലാവുമെന്നും ചെയ്തു. പൊടുന്നനെയുള്ള പ്രഖ്യാപനത്തോടെ മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഇന്ത്യയില്‍ രാത്രി എട്ടു മണിക്കായിരുന്നു പ്രഖ്യാപനം. തൊട്ടുപിന്നാലെ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

31 നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടത്. 63.5 ദശലക്ഷം പേരെ നിരോധനാജ്ഞ നേരിട്ടു ബാധിച്ചു. തുര്‍ക്കിയിലെ മൊത്തം ജനസംഖ്യയുടെ 76 ശതമാനവും ലോക്കഡൗണിലായി.
നിങ്ങള്‍ ഭരിക്കാന്‍ യോഗ്യനല്ല എന്നാണ് ഇതേക്കുറിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് എന്‍ജിന്‍ ഒസ്‌കോക് പ്രതികരിച്ചത്. കൊറോണ വൈറസിനേക്കാള്‍ നഷ്ടം ഭരണകക്ഷിയായ എ.കെ.പി ഉണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

24 മണിക്കൂറിനിടെ 5138 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 95 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മൊത്തം 52167 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.