ലോക്ക്ഡൗണ്‍: കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് നേരിട്ടു മറുപടിയില്ല- അടിയന്തരാവസ്ഥ പൊടിതട്ടിയെടുത്ത് ബി.ജെ.പി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അടിയന്തരാവസ്ഥ കൊണ്ട് മറുപടി പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റേത് അശാസ്ത്രീയമായ ലോക്ക്ഡൗണാണ് എന്ന കോണ്‍ഗ്രസ് വിമര്‍ശനം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറുതന്ത്രം പയറ്റുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു തുടങ്ങിയവര്‍ അടിയന്തരാവസ്ഥ വിഷയം ഉന്നയിച്ചു. അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷിക ദിനത്തിലാണ് ബി.ജെ.പി കോണ്‍ഗ്രസിനെ ലക്ഷ്യം വയ്ക്കുന്നത് എന്നതും ശ്രദ്ധേയം.

‘കൃത്യം 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയ എല്ലാവരേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ല.’ – എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കുന്ന പഴയ ക്ലിപ്പും പ്രധാനമന്ത്രി ടീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കണം. എന്തുകൊണ്ടാണ് ഇവര്‍ക്ക് അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥ നിലനില്‍ക്കുന്നതെന്ന്? ഒരു കുടുംബത്തില്‍ പെടാത്ത നേതാക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത് എന്തു കൊണ്ടാണ്? എന്തു കൊണ്ടാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ നിരാശരാകുന്നത്? ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് സ്വയം ചോദിച്ചില്ലെങ്കില്‍ ആളുകള്‍ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കും- എന്നാണ് ഷാ ട്വിറ്ററില്‍ എഴുതിയത്.

ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിച്ചത് വെങ്കയ്യനായിഡുവാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയമാനുസൃതമുള്ള തടവാണ് എന്നും അടിയന്തരാവസ്ഥ അങ്ങനെ ആയിരുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്തെ പോസിറ്റീവ് കേസുകള്‍ കുറയാത്തത് കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. വിവിധ രാഷ്ട്രങ്ങളിലെ ലോക്ക്ഡൗണുകള്‍ ഇന്ത്യയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്രത്തിനെതിരെ രംഗത്തു വന്നിരുന്നു. അശാസ്ത്രീയ ലോക്ക്ഡൗണാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് മുഖംരക്ഷിക്കാനുള്ള നടപടിയെന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥ പൊടിതട്ടിയെടുക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.