അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടി തെരഞ്ഞെടുപ്പ് നടക്കുക.

അദ്വാനിയോട് രാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കണമെന്ന് ഗുജറാത്തിലെ ഒരു ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
83കാരനായ ജോഷിയെ രാഷ്ട്രപതിയാക്കണമെന്ന താത്പര്യം ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസിനാണ്. നിലവില്‍ പാര്‍ട്ടി നേതൃത്വത്തോട് അദ്വാനി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ജോഷി രാഷ്ട്രപതിയാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അദ്വാനിയെ മാറ്റി നിര്‍ത്താനുള്ള മോദിയുടെ ഗൂഢാലോചനയാണ് ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിച്ചതിനു പിന്നിലെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ കൈകളിലാണ് സി.ബി.ഐ. അദ്വാനിക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടത് സി.ബി.ഐ ആണ്. അദ്വാനിയായിരുന്നു ഇത്തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്നത്. ആ അവസരം പ്രധാനമന്ത്രി ഇല്ലാതാക്കുകയായിരുന്നു-പട്‌നയില്‍ ലാലു ആരോപിച്ചു.