ഡല്‍ഹിയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി സമീപിക്കരുതെന്ന് സഖ്യ കക്ഷിയായ എല്‍ജെപി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു.വര്‍ഗീയതയും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങള്‍ ഒഴിവാക്കി പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ആയിരുന്നു പാസ്വാന്റെ പ്രതികരണം.
അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചതുള്‍പ്പെടെയുള്ള വിവാദ പരാമര്‍ശങ്ങള്‍ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.