ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ; സലാഹും മാനെയും ഇറങ്ങുക നോമ്പു തുറന്ന ഉടനെ

കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത ബ്രീട്ടിഷ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ഉെ്രെകനിലെ കീവിലാണ് നാളെ റയല്‍മാഡ്രിഡ് ലിവര്‍പൂള്‍ കലാശപോരാട്ടം. നോമ്പ് സമയം കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാണ് കിക്കോഫ്. ഇസ്‌ലാം മതവിശ്വാസം ജീവിതത്തിലും കളിക്കളത്തിലും പിന്തുടരുന്ന സലാഹ്, ഫൈനലിനുവേണ്ടി വ്രതം ഒഴിവാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്രതം തന്റെ കളിയെ ഒരു തരത്തിലും ബാധിക്കില്ലയെന്ന് അദ്ദേഹം പരിശീലകന്‍ യുറുഗന്‍ ക്ലോപ്പിനോട് പറഞ്ഞതായാണ് വിവരം. ഗോളടിച്ചാല്‍ ഉടനെ അല്ലാഹുവിന് നന്ദി അറിയിച്ച് സുജൂദ് ചെയുന്ന സലാഹ് പ്രീമിയര്‍ ലീഗിലെ സ്ഥിരം കാഴ്ചയാണ്.

സലാഹിനൊപ്പം താനും വ്രതം അനുഷ്ഠിക്കുമെന്ന് മാനെയും അറിയിച്ചു. ഇരുവരുടേയും വ്രതം അനുഷ്ഠിക്കാനുള്ള ആഗ്രഹത്തിന് ക്ലബ് അനുമതി നല്‍കിയതായാണ് വിവരം. നേരത്തെ ബ്രസീലിയന്‍ ലോകകപ്പില്‍ അള്‍ജീരിയന്‍ ടീമിലെ മുഴുവന്‍ താരങ്ങളും നോമ്പു എടുത്തായിരുന്നു കളിച്ചിരുന്നത്.

 

2005നു ശേഷം ഒരു മേജര്‍ ട്രോഫി ലക്ഷ്യമിടുന്ന ലിവര്‍പൂളിന്റെ ശക്തി മുഹമ്മദ് സലാഹ് നേതൃത്വം നല്‍കുന്ന മുന്നേറ്റ നിര തന്നെയാണ്. ഇറ്റാലിയന്‍ ക്ലബ് എ.എസ്‌റോമയില്‍ നിന്നും ലിവര്‍പൂള്‍ എത്തിയ ആദ്യ സീസണില്‍ തന്നെ ടീമിനായി ഇതുവരെ 42 ഗോളുകളാണ് സലാഹ് അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയാല്‍ ക്രിസ്റ്റിയാനോക്കും ലയണല്‍ മെസ്സിക്കും ഒപ്പം ബാലണ്‍ ഡി യോര്‍ പോരാട്ടത്തില്‍ ശക്തമായ സാന്നിദ്ധ്യമാകും സലാഹ്.