30 വര്‍ഷത്തെ കാത്തിരിപ്പ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ലിവര്‍പൂളിന്റെ മുത്തം

ലണ്ടന്‍: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ച പോലെ ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിട്ടു. പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട ആന്‍ഫീല്‍ഡിലെത്തിച്ചു.

31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്റ് നേടിയാണ് ചെമ്പട കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ലീഗില്‍ വാട്ട്ഫോര്‍ഡിനോട് മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്. രണ്ടു മത്സരങ്ങള്‍ സമനിലയിലായി. ബാക്കി 28ലും ജയം.

ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര നേരത്തെ ഒരു ടീം കിരീടം ഉറപ്പിക്കുന്നത്. 2000-2001 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 2017-2018 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരം ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കിയിരുന്നു. ചെമ്പടയുടെ 19-ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.

കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ തൊപ്പിയില്‍ മറ്റൊരു നേട്ടം കൂടിയായി ഇ.പി.എല്‍ കിരീടം. കഴിഞ്ഞ തവണ കോച്ചിന് കീഴില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫിഫ ക്ലബ് ലോകകപ്പ് കിരീടവും നേടിയിരുന്നു. ഇനി ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 15 പോയന്റ് കൂടി നേടാനായാല്‍ ഒരു സീസണില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന പ്രീമിയര്‍ ലീഗ് ക്ലബ് എന്ന റെക്കോഡ് ചെമ്പടയ്ക്ക് സ്വന്തമാകും. മാത്രമല്ല ഹോംഗ്രൗണ്ടില്‍ ഒരു സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ടീമെന്ന റെക്കോഡും ക്ലോപ്പിന്റെ സംഘത്തെ കാത്തിരിക്കുന്നു.

SHARE