പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കി സാഡിയോ മാനേ, ഫുട്‌ബോള്‍ ലോകത്ത് ലിവര്‍പൂള്‍ സൂപ്പര്‍ താരം ചര്‍ച്ചയാവുന്നു

 

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും അത്തരം പ്രവൃത്തികള്‍ ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന ധാരണ തന്നെയാണ് അതിലെ പ്രധാന കാര്യം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ലിവര്‍പൂള്‍ സൂപ്പര്‍താരം സാഡിയോ മാനേ. ലീസസ്റ്റര്‍ സിറ്റിക്കെതിരായി നടന്ന കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ജയം നേടിയതിനു ശേഷം ലിവര്‍പൂളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്ന സെനഗല്‍ താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമാവുന്നത്.

ഈയാഴ്ച നടന്ന മത്സരത്തില്‍ ലീസസ്റ്ററിനെതിരായ ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗില്‍ നാലു ഗോളുകളുമായി ലിവര്‍പൂളിന്റെ ടോപ് സ്‌കോററാണ് മാനേ. മത്സരത്തിനു ശേഷമുള്ള ദിവസങ്ങളിലാണ് താരം തനിക്ക് ഇഷ്ടപ്പെട്ട പള്ളിയിലെത്തി ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ സഹായിച്ചത്. ലിവര്‍പൂളിലെ വുധു ഏരിയയിലെ അല്‍ റഹ്മാ പള്ളിയിലാണ് സൂപ്പര്‍താര പരിവേഷം വെടിഞ്ഞ് മാനേ ഒരു സാധാരണ മനുഷ്യനായത്. മറ്റൊരു ഫുട്‌ബോള്‍ താരത്തിനും ചിന്തിക്കാനാവാത്ത കാര്യമാണു മാനേ ചെയ്യുന്നതെന്നതു കൊണ്ടു തന്നെ ആരാധകര്‍ വലിയ ബഹുമാനമാണ് താരത്തിന്റെ പ്രവൃത്തിക്കു നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ സലാ ലിവര്‍പൂളിനൊപ്പം റെക്കോര്‍ഡ് ഗോള്‍ നേട്ടം സ്വന്തമാക്കിയെങ്കില്‍ ഇത്തവണ അതു മാനേ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതു വരെ താരത്തിന്റെ ടീമിനോടൊപ്പമുള്ള പ്രകടനം അതു അടിവരയിടുന്നതാണ്. കഴിഞ്ഞ സീസണിനിടയില്‍ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു സാഡിയോ മാനേ. എന്നാല്‍ സിദാന്‍ ടീം വിട്ടതോടെ ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്നും റയല്‍ പിന്മാറിയതോടെ താരം ലിവര്‍പൂളില്‍ തന്നെ തുടരുകയായിരുന്നു. സതാംപ്ടണില്‍ നിന്നാണ് മാനേ ലിവര്‍പൂളിലെത്തുന്നത്

SHARE