അത്ഭുതങ്ങള്‍ സംഭവിച്ചില്ല; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

റോം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എ.എസ് റോമയെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സൈമിയില്‍ 4-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലായി 7-6 നാണ് മുന്‍ചാമ്പ്യന്‍മാര്‍ കലാശപോരിന് യോഗ്യത നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു തവണ മുത്തമിട്ട ലിവര്‍പൂള്‍ 2007നു ശേഷം ഇതാദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. മെയ് 26-ന് യുക്രൈനിലെ കീവില്‍ നടക്കുന്ന ഫൈനലില്‍ സ്പാനിഷ വമ്പന്‍മാരായ റയല്‍ മഡ്രിഡാണ് ലിവര്‍പൂളിന്റ എതിരാളികള്‍.

 

മൂന്ന് ഗോള്‍ കടവുമായിറങ്ങിയ എ.എസ് റോമക്ക് ഫൈനലിലെത്തണമെങ്കില്‍ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബാര്‍സലോണക്കെതിരെ കാണിച്ച അത്ഭുത പ്രകടനം ഒരിക്കല്‍ കൂടി പുറത്തെടുക്കണമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ സെനഗള്‍ല്‍ താരം സാഡിയോ മാനെയിലൂടെ ലീഡ് എടുത്തു. റോബര്‍ട്ടോ ഫിര്‍മിന്യോ നല്‍കിയ പാന്ത് മനോഹരമായ ഫിനീഷിലൂടെ മാനെ ഗോളാക്കി മാറ്റുകയായിുന്നു. നടപ്പു സീസണില്‍ ഇതാദ്യമായാണ് സ്വന്തം മൈതാനത്ത് റോമ ഒരു ഗോള്‍ വഴങ്ങുന്നത്.

 

എന്നാല്‍ ആറ് മിനിറ്റിനകം റോമ സമനില പിടിച്ചു. ലിവര്‍പൂള്‍ പ്രതിരോധ താരം ഡെജാന്‍ ലെവ്‌റോന്‍ ക്ലിയര്‍ ചെയ്ത് പന്ത് സഹതാരമായ ജെയിംസ് മില്‍നറിന്റെ മുഖത്തിടിച്ച് ലിവര്‍പൂള്‍ വലയിലേക്ക് തന്നെ കയറി ഒപ്പമെത്തുകയായിരുന്നു റോമക്കാര്‍. 25-ാം മിനിറ്റില്‍ വീണ്ടും റോമ വലകുലുക്കി ഹോളണ്ട് താരം ഗിനി വൈനാള്‍ഡം റോമയുടെ പ്രതീക്ഷക്ക് വലിയ പ്രഹരമേല്‍പ്പിച്ചു.

രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയാണ് റോമ കളിച്ചത്. ഇതിന്റെ ഫലമായി 52-ാം മിനിറ്റില്‍ എഡിന്‍ സെക്കോയിലൂടെ അവര്‍ സമനില പിടിച്ചു. 86-ാം മിനറ്റില്‍ റാഡ്ജ നൈന്‍ഗോളനിലൂടെ റോമ മുന്നിലെത്തി. ഇതോടെ ഒരു തിരച്ചുവരവ് ആരാധകര്‍ പ്രതീക്ഷിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് നൈന്‍ഗാളന്‍ വീണ്ടും ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഫൈനല്‍ പ്രവേശനത്തിന് അതുമതിയാകുമായിരുന്നില്ല.

SHARE