ഇനി കോവിഡിനൊപ്പം ജീവിച്ചു ശീലിക്കാം; ലോകാരോഗ്യ സംഘടന


ലോകം ഇനി കൊറോണയ്‌ക്കൊപ്പമാകും ജീവിക്കുക എന്ന് ലോകാരോഗ്യസംഘടനാ വിദഗ്ധന്‍ മൈക്ക് റയാന്‍. കോവിഡിനെ ഭൂമുഖത്തുനിന്ന് പൂര്‍ണമായി തുടച്ചുമാറ്റാനാവില്ല. ജനം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു തുടങ്ങും. എച്ച്‌ഐവിയെ നമുക്ക് ഇല്ലാതാക്കാനായിട്ടില്ല. നാം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു. അതുപോലെതന്നെ കൊറോണയെയും ഭൂമുഖത്തുനിന്നു തുടച്ചു നീക്കാന്‍ അല്‍പം പ്രയാസകരമാകും എന്നാണ് മൈക്കിന്റെ മുന്നറിയിപ്പ്.

കോവിഡ് വാക്‌സിന്‍ എപ്പോള്‍ വികസിപ്പിക്കും എന്നത് ഇപ്പോള്‍ പറയാനാവില്ല. പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ചിലതെല്ലാം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുമാണ്. എന്നാല്‍ ഏറ്റവും ഫലപ്രദമായ വാക്‌സിന്‍ എപ്പോള്‍ വരും എന്നോ എപ്പോള്‍ വിപണിയില്‍ എത്തുമെന്നോ പറയാന്‍ ഇപ്പോള്‍ സാധിക്കില്ല-മൈക്ക് പറയുന്നു. മീസില്‍സ് പോലുള്ള രോഗത്തിന് നാം വാക്‌സിന്‍ കണ്ടുപിടിച്ചു. എന്നാല്‍ ആ രോഗം പൂര്‍ണമായി തുടച്ചുമാറ്റാന്‍ സാധിച്ചിട്ടില്ല. വൈറസിനു മേല്‍ പരമാവധി ആധിപത്യം നേടാന്‍ സാധിച്ചാലേ ഭീതി കുറച്ചെങ്കിലും ഒഴിവാകൂ എന്നും മൈക്ക് പറയുന്നു.

നിലവില്‍ കൊറോണയെ നിയന്ത്രിക്കാന്‍ നാല് മുതല്‍ അഞ്ചു വരെ വര്‍ഷം എടുക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞിരുന്നു.

SHARE