പതിനേഴാം ലോക്സഭയെ നിശ്ചയിക്കുന്നതിന് നടന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു തുടങ്ങി. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 542 സീറ്റുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ 321 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. 111 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്. 109 സീറ്റുകള്‍ മറ്റുള്ളവര്‍.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമാണ്. 20 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫും 1 എല്‍ഡിഎഫും മുന്നില്‍ നില്ക്കുന്നു. എന്‍ഡിഎക്ക് ഇതുവരെ സീറ്റില്ല തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു. കുമ്മനം രാജശേഖരന് പിന്നിലേക്ക്.
Visuals from inside a counting centre in Chandigarh; Congress’s Pawan Kumar Bansal, BJP’s Kirron Kher and AAP’s Harmohan Dhawan are contesting from the Lok Sabha seat. pic.twitter.com/8EuV2wWi9M
— ANI (@ANI) May 23, 2019
കാലത്ത് എട്ട് മണി മുതല്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചനയും ഉച്ചയോടെ ഏകദേശ ട്രന്‍ഡും അറിയാനാകും. അതേസമയം ഓരോ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചുവീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തുനോക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകും. രാത്രി ആറു മണിക്കു ശേഷം മാത്രമേ അന്തിമ ഫല പ്രഖ്യാപനം വന്നു തുടങ്ങൂ. മുഴുവന്‍ മണ്ഡലങ്ങളിലേയും അന്തിമ ഫലപ്രഖ്യാപനം പുറത്തുവരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാന നിയമസഭകളിലേക്കും തമിഴ്നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടേയും ഫലവും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി സാധ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് രാജ്യം വോട്ടെണ്ണലിലേക്ക് കടക്കുന്നത്. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഡി.എം.കെയും ടി.ഡി.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്്ലിംലീഗും ഉള്‍പ്പെടെ 22 പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ തള്ളി. ചൊവ്വാഴ്ചയാണ് 22 കക്ഷി നേതാക്കള്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നേരിട്ടെത്തി അട്ടിമറി സാധ്യത തടയുന്നതിന് മുന്‍കരുതല്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് തന്നെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചുവീതം വിവിപാറ്റുകള്‍ എണ്ണണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈരുധ്യങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണാന്‍ ഉത്തരവിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കാലത്ത് യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷ ആവശ്യം പൂര്‍ണമായി നിരസിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ അപ്പാടെ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യം പോലും നിരസിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും അംഗങ്ങളുടെ വിയോജിപ്പോടെയായിരുന്നോ എന്ന സംശയം ബലപ്പെടുന്നതാണ് കമ്മീഷന് അംഗം അശോക് ലവാസയുടെ വെളിപ്പെടുത്തലെന്നും സിങ്വി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ രാജ്യത്ത് വീ ണ്ടും അധികാരത്തില്‍ എത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കൂട്ടത്തോടെ തള്ളിപ്പറഞ്ഞിരുന്നു. ഇ.വി.എം ക്രമക്കേടുകള്‍ക്ക് കുടപിടിക്കാനാണ് ഇത്തരം ഗോസിപ്പുകളെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.
ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാണ്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ചൊവ്വാഴ്ച എന്‍.ഡി.എ ഘടകക്ഷി നേതാക്കള്‍ക്ക് അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.