ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തിന് കീഴിലെ ‘കോടതികളെ അപകീര്‍ത്തിപ്പെടുത്തല്‍’ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാടകീയ ബഞ്ച് മാറ്റം. ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെയും ജസ്റ്റിസ് കെ.എം ജോസഫിനെയുമാണ് ഇടയ്ക്കു വച്ച് മാറ്റിയത്. ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിനാണ് കൈമാറിയത്. ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണിത്. പ്രമുഖ നിയമകാര്യ മാദ്ധ്യമമായ ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഓഗസ്റ്റ് ആറിന് കോടതി രജിസ്ട്രി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഓഗസ്റ്റ് പത്തിന് ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനും മലയാളി കൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് അംഗവുമായ ബഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ഇത് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ബഞ്ചില്‍ ഹര്‍ജി അനുവദിച്ചത് രജിസ്ട്രിയുടെ ഭാഗത്ത് വന്ന പിഴവാണ് എന്നാണ് അനൗദ്യോഗിക വിശദീകരണം.
നിലവില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, പ്രശാന്ത് ഭൂഷണ് എതിരെയുള്ള രണ്ട് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ഒന്ന് 11 വര്‍ഷം മുമ്പ്, 2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖമാണ്. 16 ചീഫ് ജസ്റ്റിസുമാരിയില്‍ ആറു പേരെങ്കിലും അഴിമതിക്കാരാണ് എന്നാണ് അഭിമുഖത്തില്‍ ഭൂഷണ്‍ ആരോപിച്ചിരുന്നത്. രണ്ടാമത്തേത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരെ ഈയിടെ പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ്. കോവിഡ് കാലത്ത് മാസ്‌കും ഹെല്‍മറ്റുമില്ലാതെ ബൈക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രത്തിനെതിരെയാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നത്. കോടതി ഇതില്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ജസ്റ്റിസ് ചന്ദ്രചൂഢും കെ.എം ജോസഫും
വ്യക്തി സ്വാതന്ത്ര്യത്തില്‍ ശ്രദ്ധേയമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് ചന്ദ്രചൂഢ്. പല വിധി പ്രസ്താവകള്‍ക്കൊപ്പം മൗലിക സ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിരീക്ഷണം നടത്തിയിട്ടുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസുകളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഭരണഘടനയുടെ തൂണാണ് എന്നാണ് അദ്ദേഹം റൈറ്റ് ടു പ്രൈവസി കേസില്‍ നിരീക്ഷിച്ചിട്ടുള്ളത്. വാട്‌സ് ആപ്പ്-ഫേസ്ബുക്ക് സ്വകാര്യതാ കേസ്, ആധാര്‍ കേസ്, ശബരിമല കേസ്, ജസ്റ്റിസ് ലോയ മരണക്കേസ് എന്നിവയില്‍ എല്ലാം വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ് നടത്തിയ പ്രസ്താവങ്ങള്‍ ശ്രദ്ധേയമായിരുന്നു.
സുപ്രിം കോടതിയും മോദി സര്‍ക്കാറും തമ്മിലുള്ള വ്യവഹാരത്തില്‍ ഒരുകാലത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ റദ്ദാക്കിയതോടെയാണ് ജസ്റ്റിസ് ജോസഫ് സര്‍ക്കാറിന്റെ ‘ശത്രു’ പക്ഷത്തായത്. ഇദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ ആറംഗ കൊളീജിയം ഏകകണ്‌ഠേന ശിപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അതിനു കൂട്ടാക്കിയിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
മോദി സ്തുതി പറഞ്ഞ അരുണ്‍ മിശ്ര
സുപ്രിംകോടതിയുടെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത വിധം രാഷ്ട്രീയ പ്രസ്താവം നടത്തിയ ജഡ്ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി നടത്തി ഇദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു.
ആഗോള തലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് മോദി എന്നാണ് 2020 ഫെബ്രുവരിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിനിടെ ആയിരുന്നു സുപ്രിംകോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഈ പ്രസ്താവന.