അഷ്റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് ബാധിച്ച് സഊദി അറേബ്യയില്‍ ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 പേരാണെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കേരളം 5, മഹാരാഷ്ട്ര 5 , ഉത്തര്‍പ്രദേശ് 3, ബീഹാര്‍ 2, തെലുങ്കാന 2 തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ച മൂന്ന് മലയാളികള്‍ കൊല്ലം പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51) റിയാദിലും, ആലപ്പുഴ സ്വദേശി ഹബീസ് ഖാന് പിച്ചാ മുഹമ്മദ് (51) ബുറൈദയിലും, കോഴിക്കോട് സ്വദേശി സഹീര്‍ ഹുസ്സൈന്‍ മക്കയിലുമാണ് മരിച്ചത്. അതേസമയം, എംബസിയുടെ ലിസ്റില്‍ പറയുന്ന സഹീര്‍ ഹുസ്സൈന്‍ മലയാളിയല്ലെന്നും ബിഹാര്‍ സ്വദേശിയാണെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണെന്നാണ് എംബസി അറിയിച്ചു.
ദമ്മാമില്‍ മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല ((49), മദീനയില്‍ മഹാരാഷ്ട്ര സ്വദേശി ജലാല്‍ അഹമ്മദ് പവാസ്കര്‍ (61), ബീഹാര്‍ സ്വദേശി മുഹമ്മദ് ഇസ്്ലാം (53), മക്കയില്‍ ബീഹാര്‍ സ്വദേശി അബ്റേ ആലം മുഹമ്മദ് ആലംഗീര്‍ (48) എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മറ്റുള്ളവര്‍.
നേരത്തെ മരിച്ച ഇന്ത്യക്കാരില്‍ നാല് പേര് ജിദ്ദയിലും മറ്റു നാല് പേര് മദീനയിലും ഓരോ പേര് വീതം മക്ക, റിയാദ് എന്നിവിടങ്ങളിലുമായിരുന്നു. ഇവരില്‍ എട്ട് പേര് ഉത്തരേന്ത്യയില്‍ നിന്നുള്ളവരും രണ്ട് പേര് കേരളത്തില്‍ നിന്നുള്ളവരുമാണ് . റിയാദില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി എന്‍ പി സഫ്വാനും (35), മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്നാസു(30)മാണ് നേരത്തെ മരിച്ച രണ്ട് മലയാളികള്‍.
മക്കയില്‍ ഹറം പവര്‍ സ്റ്റേഷന് കീഴില്‍ ജീവനക്കാരനായ തെലുങ്കാന സ്വദേശി ഖാന് അസ്മത്തുള്ള (65), ജിദ്ദയില്‍ മുംബൈ സ്വദേശിയായ മുഹമ്മദ് ഫക്ക് റേ ആലം (52), മാന്‍പവര്‍ കമ്പനിയില്‍ ജീവനക്കാരനായ ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശി ബദ്രെ ആലം (41), തെലുങ്കാന സ്വദേശി മുഹമ്മദ് സാദിഖ്(54), ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് അസ്ലംഖാന്(51) , മദീനയില്‍ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ഇലക്ട്രിക്കല്‍ ടെക്നിഷ്യനായ മുംബൈ സ്വദേശി ബറകത്ത് അലി അബ്ദുല്‍ ലത്തീഫ് (63), മഹാരാഷ്ട്ര സ്വദേശിയായ തൗസീഫ് ബാല്‍ബല്‍ എന്നിവരും മരിച്ച പതിനേഴ് പേരുടെ ലിസ്റ്റില്‍ ഉള്‍പെടും. മക്കയില്‍ മരണപെട്ട ഇന്ത്യക്കാരുടെ നിയമ പരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്. ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ് ഖാന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുറൈദ കെഎംസിസി വെല്‍ഫയര്‍ വിഭാഗം കണ്‍വീനര്‍ ഫൈസല്‍ ആലത്തൂരും രംഗത്തുണ്ട്.