കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി; താരം ബാഴ്‌സ വിടാന്‍ സാധ്യതയേറുന്നു

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്‌റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്‌സയുമായുള്ള മെസ്സിയുടെ നിലവിലെ കരാര്‍ 2021ല്‍ അവസാനിക്കും. ഇതോടെയാണ് അധികൃതര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങിയത്. എന്നാല്‍ ചര്‍ച്ച വേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു.ജനുവരിയില്‍ ബാഴ്‌സ മുന്‍ പരിശീലകന്‍ ഏണസ്‌റ്റോ വാര്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബാഴ്‌സ ടീമിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് ബാഴ്‌സലോണയുടെ മുന്‍ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്‌ബോള്‍ ഡയറക്ടര്‍ എറിക് അബിദാല്‍ ഈയിടെ പറഞ്ഞതും വിവാദമായിരുന്നു. ഇതിനെതിരെയും മെസ്സി പരസ്യമായി പ്രതികരിച്ചിരുന്നു.

SHARE