ബാര്‍സക്ക് വമ്പന്‍ ജയം; മെസ്സിക്കും സുവാരസിനും ഡെബിള്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്‌ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്‌ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍ കുച്ചോ ഹെര്‍ണാണ്ടസാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. എന്നാല്‍ 16-ാം മിനുട്ടില്‍ നായകന്‍ ലയണല്‍ മെസ്സിയിലൂടെ ബാര്‍സ ഒപ്പമെത്തി. എട്ടു മിനുട്ടിനിടെ ഹൂസ്‌ക്കന്‍ താരം ജോര്‍ജ് പുളിഡോയുടെ സെല്‍ഫ് ഗോളില്‍ ബാര്‍സ മുന്നിലെത്തി. 39-ാം മിനുട്ടില്‍ ഉറൂഗ്വെയ്്ന്‍ താരം ലൂയിസ് സുവാരസ് ലീഡ് രണ്ടാക്കി. എന്നാല്‍ ആദ്യപകുതി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ ഗലാര്‍ ഫയ്ഗ്വുറെ ഒരു ഗോള്‍ മടക്കി സന്ദര്‍ശകരെ കളിയിലേക്ക് മടക്കികൊണ്ടുവന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രണം അഴിച്ചുവിട്ട ബാര്‍സ അഞ്ചു തവണയാണ് എതിര്‍വല ചലിപ്പിച്ചത്. ഒസ്മാനെ ഡെംബലെയാണ് (48-ാം മിനുട്ട് )രണ്ടാം പകുതില്‍ ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് ഇവാന്‍ റാകിറ്റിച്ച് (52), മെസ്സി (61), ജോര്‍ദി ആല്‍ബ (81), സുവാരസ് (93, പെനാല്‍ട്ടി) ഗോള്‍ നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം ലെഗാനസിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. ബെന്‍സീമ ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ ഗാരെത് ബെയിലും നായകന്‍ സെര്‍ജിയോ റാമോസും ഒരു തവണ ലക്ഷ്യം കണ്ടു. ആദ്യ മൂന്നു മത്സരങ്ങള്‍ ബാര്‍സയും റലയും ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാര്‍സയാണ് പോയന്റ് ടേബിളില്‍ തലപ്പത്ത്.