മെസ്സിയെത്തി : അര്‍ജന്റീന സജ്ജം

മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന ഗ്രൗണ്ടിലെത്തി സഹതാരങ്ങളെ കാണുകയും ചെറിയ തോതില്‍ പരിശീലനം നടത്തുകയും ചെയ്തു.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരം മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ ഇക്വഡോറിനെതിരെ 3-1 ന് ജയിച്ച ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു മത്സരം കളിക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള ടീമിന്റെ ആദ്യ മത്സരം കൂടിയാണിത്. സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ, ഹവിയര്‍ മഷരാനോ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. അതേസമയം, യുവതാരങ്ങളായ പൗളോ ഡിബാലക്കും മൗറോ ഇക്കാര്‍ഡിക്കും കോച്ച് ഹോര്‍ഹെ സാംപൗളി അവസരം നല്‍കിയിട്ടില്ല.

വെള്ളിയാഴ്ച മത്സരത്തിനു ശേഷം അര്‍ജന്റീനാ ടീം സ്‌പെയിനിനെ നേരിടാന്‍ മാഡ്രിഡിലേക്ക് തിരിക്കും. റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് കോംപ്ലക്‌സില്‍ ആയിരിക്കും മെസ്സിയും സംഘവും പരിശീലനം നടത്തുക. അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വന്‍ഡ മെട്രോപൊളിറ്റാനോയിലാണ് മത്സരം.