കര്‍ണാടകയില്‍ യെഡിയൂരപ്പ വീഴ്ച്ചയിലേക്കോ?; ലിംഗായത്ത് വിഭാഗവും രംഗത്ത്

രാഷ്ട്രീയനാടകങ്ങള്‍ അവസാനിച്ചെന്ന് കരുതിയ കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നത് ബി.ജെ.പിക്ക് നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു.മന്ത്രിസഭ വികസനം സംബന്ധിച്ച് ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ അസംതൃപ്തരുടെ നേതൃത്വത്തില്‍ യെഡിയൂരപ്പ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കര്‍ണാടകത്തില്‍ ഏറ്റവും ഒടുവിലായി ഒരുങ്ങുന്നത്. 15 എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെഡ്ഡിക്കെതിരെ രംഗത്തെത്തി.സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് മുഖ്യമന്ത്രിക്കതിരെ യോഗം ചേര്‍ന്നിരിക്കുന്നത്.

77 വയസ് പൂര്‍ത്തിയായ യെഡിയൂരപ്പയ്ക്ക് ഇനി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് ശാരീരിക അവശതകള്‍ ഉണ്ടെന്നാണ് ഇവരുടെ വാദം. മാത്രമല്ല കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായത്തിന്റെ മാനദണ്ഡം മറികടന്നാണ് യെഡ്ഡിയെ മുഖ്യനാക്കിയതെന്നും ഇവര്‍ പറയുന്നു.
യെഡിയൂരപ്പയ്ക്ക് പകരം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര നേതൃത്വം ഇതിനെ വഴങ്ങിയില്ലേങ്കില്‍ പല അട്ടിമറികളും ഉണ്ടാകുമെന്ന സൂചനയും വിമതര്‍ നല്‍കുന്നുണ്ട്.

അതിനിടെ അതൃപ്തരായ നേതാക്കള്‍ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ട മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയാണ് കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

SHARE