പൗരത്വ ബില്ലിനെതിരായ പ്രതിഷേധം; ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസ് സേവനങ്ങള്‍ക്കും ബിപ്ലബ് ദേബ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

പൗരത്വ ബില്ലിനെതിരെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ നടത്തിയ 11 മണിക്കൂര്‍ നീണ്ട ബന്ദ് അക്രമാസക്തമായ സാഹചര്യത്തിലാണിത്. പൗരത്വ ഭേഗതി ബില്ലിന്റെ പരിധിയില്‍നിന്ന് ത്രിപുരയെ ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് അക്രമത്തിന് തിരികൊളുത്താന്‍ ചിലര്‍ ശ്രമിക്കുന്നവെന്ന രഹസ്യ വിവരം സംസ്ഥാന പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന.

ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം തടസപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടസപ്പെടുത്തി. റെയില്‍വെ ട്രാക്കുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ നിരവധി തീവണ്ടികള്‍ റദ്ദാക്കേണ്ടി വന്നുവെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ അറിയിച്ചു. ത്രിപുരയിലെ ധലായ് ജില്ലയിലെ മാര്‍ക്കറ്റിലുള്ള നിരവധി കടകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. അസമിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ദീബ്രുഘട്ടില്‍ പ്രതിഷേധക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.

SHARE