മോദിയുടേത് നായകന്‍ ഇല്ലാത്ത നാടകം; രൂക്ഷ ആക്രമണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയ്‌ക്കെതിരെ കോണ്‍ഗ്രസ്. സാധാരണക്കാരന്റെ ദുരിതം അകറ്റാന്‍ സാമ്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിക്കാത്ത പ്രധാനമന്ത്രിയുടെ പ്രസംഗം വെറും വാക്കായി എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം. അതേസമയം, ലോക്ക് ഡൗണ്‍ നീട്ടിയ മോദിയുടെ തീരുമാനത്തെ പാര്‍ട്ടി സ്വാഗതം ചെയ്തു.
ഷേക്‌സ്പിയറിന്റെ നാടക കഥാപാത്രത്തെ ഉദ്ധരിച്ച്, നായകന്‍ ഇല്ലാത്ത നാടകം പോലെയായി – ലൈക്ക് ഹാംലറ്റ് വിത്തൗട്ട് ദ പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്ക്- എന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തിയത്.

ദരിദ്രര്‍ക്കും ഇടത്തര കച്ചവടക്കാര്‍ക്കും മദ്ധ്യവര്‍ഗക്കാര്‍ക്കും ആശ്വാസമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വാക്കു പോലുമുണ്ടായില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.


‘എന്റെ പ്രിയ രാജ്യമേ കേഴുക’ -എന്നാണ് മുന്‍ ധനമന്ത്രി പി.ചിദംബരം മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ചത്. മുഖ്യമന്ത്രിമാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. പ്രതികരണമൊന്നുമുണ്ടായില്ല. ഒരു ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ല. രഘുറാം രാജന്‍ മുതല്‍ ജീന്‍ ഡ്രസ വരെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത് ബാനര്‍ജി വരെ എല്ലാവരുടെ ഉപദേശങ്ങളും ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ഇവിടെ പണമുണ്ട്, ഭക്ഷണമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രണ്ടും വിതരണം ചെയ്യുന്നില്ല- ചിദംബരം കുറ്റപ്പെടുത്തി.

കോവിഡ് പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുത്തു നില്‍ക്കവെ, ഇന്ന് രാവിലെ പത്തു മണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 25 മിനിറ്റ് സംസാരത്തില്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുന്നു എന്ന പ്രഖ്യാപനം മാത്രമാണ് അദ്ദേഹം പ്രധാനമായും നടത്തിയത്.