മദ്യനിരോധനം സാധ്യമാണ്, ബിഹാര്‍ മാതൃകയുണ്ട്

മുഹ്‌സിന്‍ ടി.പി.എം

സാമൂഹ്യാന്തരീക്ഷത്തെ ദുര്‍ഘടവും സങ്കീര്‍ണ്ണവുമാക്കുന്ന മദ്യം നിരോധിക്കാനുള്ള അനുയോജ്യമായ സമയമാണ് ലോക്ക്ഡൗണ്‍ കാലം. മദ്യ നിരോധനം സാമൂഹ്യ പുരോഗതിക്ക് അനുഗുണമാണെന്ന് വിചാരിക്കുന്ന ഏതൊരു മുന്നണിക്കും അവര്‍ നയിക്കുന്ന സര്‍ക്കാറിനും ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്. പ്രകടന പത്രികാ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാറിന് കേരളത്തിലെ പാവപ്പെട്ട കുടുംബിനികളുടെ കണ്ണീരൊപ്പാന്‍ ലഭിക്കുന്ന അപൂര്‍വ്വ സാഹചര്യമാണ് നിലവിലുള്ളത്. ജനപ്രിയ സര്‍ക്കാറെന്ന ഖ്യാതി നേടിയെടുക്കുവാന്‍ മദ്യ നിരോധനത്തില്‍ പരം ഒരു നടപടി ക്രമം പിണറായി സര്‍ക്കാറിന് ഇല്ല എന്ന് തന്നെ പറയാം. കേരളത്തിലെ മദ്യപാനികളുടെ കുടുംബങ്ങള്‍ വലിയ ദുരിതത്തിലാണ് കഴിഞ്ഞു പോകുന്നത്. യഥാര്‍ത്ഥ മദ്യ ദുരന്തമാണ് ഈ കുടുംബകങ്ങളില്‍ ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യ ലഭ്യതക്ക് ക്ഷാമം നേരിട്ടതോടെ വലിയ സമാധാന അന്തരീക്ഷമാണ് സാമൂഹികമായി കേരളം അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളം മദ്യം ലഭിക്കാതിരുന്നവരെ സംബന്ധിച്ചിടത്തോളം ലഹരി മുക്തമാവാന്‍ ലഭിച്ചിട്ടുള്ളത് മതിയായ സമയമാണ്. വിമുക്തി മിഷന്റെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഡീ അഡിക്ഷന്‍ ക്യാമ്പുകളിലെ പരമാവധി ചികിത്സ കാലയിളവ് കേവലം പതിനാല് ദിവസം മാത്രമാണ്. മദ്യാസക്തിയില്‍ നിന്ന് മുക്തി നേടുന്നതിനോടൊപ്പം അതിന്റെ ശാരീരിക ഗുണങ്ങള്‍ അനുഭവിക്കാനും മതിയായ കാലയിളവാണിത്.

മദ്യം ലഭിച്ചിരുന്നവര്‍ക്ക് പെട്ടെന്ന് ലഭിക്കാതിരുന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഹൈക്കോടതിയലടക്കം അക്കമിട്ട് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസത്തോളം മദ്യം ലഭിക്കാതിരുന്നവര്‍ക്ക് പെട്ടെന്ന് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മൗനം ആചരിക്കുന്നതും ദുരൂഹതയാണ്. രക്ത സമ്മര്‍ദ്ദത്തിലും രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിലും വ്യതിയാനമുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. മസ്തിഷ്‌ക്കാഘാതത്തിനും ഹൃദയ സ്തംഭനത്തിനും ഇടയുണ്ട്.
ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 47 അനുസരിച്ച് സംസ്ഥാനത്തിന്റെ പൊതു ജനാരോഗ്യം മെച്ചെപ്പെടുത്തുന്നതിന് അതത് സംസ്ഥാനങ്ങള്‍ക്ക് മദ്യ നിരോധനം ഏര്‍പ്പെടുത്താമെന്ന് പറയുന്നുണ്ട്. 1949 മുതല്‍ മദ്യ നിരോധനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. നിരോധന നിയമം ഭരണത്തിന്റെ ഇഛാ ശക്തിയില്ലായ്മയില്‍ ഫലവത്തല്ല.നാഗലാന്റിലും മിസോറാമിലും നിരോധനമുണ്ടെങ്കിലും ഗുജറാത്തിലേതിന് ഭിന്നമല്ല. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദീപാണ് മദ്യ നിരോധന വിഷയത്തില്‍ സ്വല്‍പ്പമെങ്കിലും മാതൃകയാക്കാന്‍ കഴിയുന്ന ഇന്ത്യന്‍ യൂണിയനിലെ ഭാഗം.

2016 ഏപ്രില്‍ 1 ന് നിതീഷ് കുമാര്‍ ബിഹാറില്‍ നടപ്പിലാക്കിയ മദ്യ നിരോധനമാണ് രാജ്യത്ത് അടുത്തിടെയുണ്ടായ മദ്യത്തിനെതിരെയുള്ള ശക്തമായ കാല്‍ വെപ്പ്. പൊതുവേ ദരിദ്ര സംസ്ഥാനമായ ബിഹാറില്‍ മദ്യ നിരോധനം നടപ്പിലാക്കിയതിനെ പ്രധാനമന്ത്രി വരെ ശ്ലാകിച്ചു. 2015 – 2016 വര്‍ഷത്തെ ബിഹാറിലെ മദ്യത്തില്‍ നിന്നുള്ള വരുമാനം 4000 കോടിയായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മദ്യത്തില്‍ നിന്നുള്ള വരുമാനം ത്യജിച്ചു. സഖ്യ കക്ഷികളുടെ വരെ എതിര്‍പ്പ് പരിഗണിക്കാതെയായിരുന്നു തീരുമാനം. 800 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് ബീഹാറിലെ സര്‍ക്കാറിന് മദ്യ നിരോധനം മൂലം ഉണ്ടായത്. പക്ഷേ മദ്യപാന ജന്യ അസുഖങ്ങളും മനുഷ്യ വിഭവ ശേഷിയും കുടുംബാന്തരീക്ഷത്തിലുണ്ടായ സമാധാനവും തുലനം ചെയ്യപ്പെടുമ്പോള്‍ നഷ്ടമായി നിര്‍വചിക്കാനാവില്ലെന്നാണ് സാമൂഹ്യ ശാസ്ത്രഞ്ജന്മാരുടെ നിരീക്ഷണം.

രാജ്യത്തെ ജനസഖ്യയുടെ നാല് ശതമാനം ജനങ്ങളാണ് കേരളത്തിലുള്ളത്. പക്ഷേ മദ്യ ഉപയോഗത്തിന്റെ 16 ശതമാനത്തിലധികവും കേരളത്തിന്റെ സംഭാവനയാണ്. 300 ആളുകളില്‍ ഒരാള്‍ എന്നുള്ളത് 20 ല്‍ ഒരാള്‍ എന്നായിരിക്കുന്നു അനുപാതം. ലഹരി വര്‍ജ്ജനത്തിന് വൈരുദ്യാധിഷ്ടിത സമീപനമാണങ്കിലും വര്‍ഷം പ്രതി 65 കോടിയിലധികം രൂപ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുവാന്‍ വിമുക്തി മിഷന്‍ വഴി സര്‍ക്കാര്‍ ചിലവിടുന്നു. മത-യുവജന സംഘടനകളും ലഹരി വിരുദ്ധ സംഘടനകളും ആവശ്യത്തിലധികം ബോധവല്‍ക്കരണം നടത്തുന്ന കേരളത്തില്‍ ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. 4000 കോടി രൂപക്ക് മുഖ്യ ആഹാരമായ അരി വങ്ങുന്ന മലയാളി 14000 കോടി രൂപക്ക് മദ്യം കുടിച്ചു തീര്‍ക്കുന്നു. 200 മുതല്‍ 500 ശതമാനം വരെ വാറ്റ് ലഭിക്കുന്ന ഈ വ്യാപാരത്തില്‍ കണ്ണുവെച്ചാണ് കൊറോണ വൈറസ് കേരളത്തില്‍ സാന്നിധ്യമറിയിച്ചപ്പോള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടും ബീവറേജസ് അടക്കമുള്ള മദ്യ ഷാപ്പുകളടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ കാത്തിരുന്നത്.

മദ്യം ഉപയോഗിച്ച് ശീലിച്ച രക്തത്തില്‍ ആള്‍ക്കഹോള്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്ക് മദ്യം ലഭിച്ചില്ലെങ്കിലുണ്ടാകുന്ന വിറയല്‍ രോഗം ( വിത്‌ഡ്രോവല്‍ സിന്‍ഡ്രോം) പൊലിപ്പിച്ച് പറഞ്ഞും മദ്യ നിരോധനമെന്ന ആശയത്തിന്റെ ചിറകരിയാറാണ് പതിവ്. പക്ഷേ നിതീഷ് കുമാര്‍ എന്ന ബിഹാര്‍ മുഖ്യമന്ത്രി തുറന്ന് പിടിച്ച ചില വസ്തുതകള്‍ മറിച്ചാണ് പറയുന്നത്. അധിക സാമ്പത്തികശാസ്ത്ര വൈഭവമില്ലാതെ തന്നെ ഗണിച്ചെടുക്കാന്‍ സാധിക്കുന്നതാണ് മദ്യത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം മറ്റൊരു രീതിയില്‍ ഖജനാവില്‍ എത്തുമെന്ന കാര്യം. ബിഹാറില്‍ മദ്യം നിരോധിച്ചപ്പോള്‍ ടൂറിസ്റ്റുകള്‍ കൂടിയ കണക്കുകള്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പറഞ്ഞ് മദ്യ നിരോധനത്തിന്റെ വേരറുക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ബിഹാറില്‍ അരക്കോടിയലധികം മദ്യപാന്മാരുണ്ടായിരുന്നു 2016 ല്‍. മദ്യം നിരോധിച്ചതിന്റെ തൊട്ടു മുമ്പത്തെ വര്‍ഷം ബിഹാര്‍ സന്ദര്‍ശിച്ചത് വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2 കോടി 89 ലക്ഷമായിരുന്നെങ്കില്‍ 2019 ല്‍ അത് 3.5 കോടിയില്‍ എത്തി നില്‍ക്കുന്നു. പിടിച്ചുപറിയും കളവും തട്ടിക്കൊണ്ട് പോവലും 70 ശതമാനത്തോളം ബിഹാറില്‍ കുറഞ്ഞതും കൊലപാതങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞതും 25 ശതമാനത്തോളം കൊള്ളയടിക്കല്‍ കുറഞ്ഞതും ടൂറിസ്റ്റുകള്‍ക്കിടയില്‍ ബിഹാറിനെ ഇഷ്ട കേന്ദ്രമാക്കി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജി.എസ്.ടി ബാധകമല്ലാത്ത മദ്യ വിപണിയില്‍ വരുമാനം മുഴുവനും സംസ്ഥാന സര്‍ക്കാറിനാണ്. മദ്യ നിരോധനം വരുമാനത്തെ പ്രതിസന്ധിയിലാക്കിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരെഅവതാളത്തിലാവും എന്ന പ്രചരണവുമുണ്ട്. എന്നാല്‍ ബിഹാറിലെ കാഴ്ച ശുഭകരമാണ്. ഗ്രാമീണ വികസനത്തിന് സര്‍ക്കാറിനെ സഹായിക്കുന്നതിനായി 2014 ല്‍ പാട്‌ന ആസ്ഥാനമായി സ്ഥാപിച്ച ഡവലപ്മന്റ് മാനേജ്മന്റ് ഇന്‍സ്റ്റിറ്റിയൂട്ട് മദ്യ നിരോധാനന്തരം ബിഹാറിലുണ്ടായിട്ടുള്ള വാണിജ്യ മാറ്റങ്ങളെ പഠന വിധേയമാക്കിയിരുന്നു. 1715 % വര്‍ദ്ധനവാണ് വിലകൂടിയ സാരികളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. വസ്ത്രവിപണിയില്‍ 910 % വളര്‍ച്ചയുണ്ടായി, സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കളുടെ വില 46 % കൂടി, ആട്ടോ മൊബൈല്‍ മേഖലയില്‍ 35 ശതമാനത്തോളം വളര്‍ച്ച അവകാശപ്പെടുന്നുമുണ്ട്. മദ്യം വാങ്ങിക്കുന്നതിനായി ചിലവഴിച്ചിരുന്ന പണം മുഴുവന്‍ വിപണിയില്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡി.എം.ഐ യുടെ റിപ്പോര്‍ട്ട്. മാത്രമല്ല ബിഹാറിലെ ജനങ്ങളുടെ എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ റിക്കോര്‍ഡ് വളര്‍ച്ചയുണ്ടായി. മദ്യ നിരോധനം വഴി ഖജനാവിനുണ്ടായ നഷ്ടം ബിഹാര്‍ ജനതയുടെ ഗാര്‍ഹിക ഉപഭോക്തൃ വസ്തുക്കളുടെ വാങ്ങല്‍ ശേഷി ( പര്‍ച്ചേസിങ്ങ് പവര്‍ ) കൂടിയതിനാല്‍ നികത്തപ്പെട്ടു എന്നുമുള്ള ആധികാരിക റിപ്പോര്‍ട്ടുകള്‍ മദ്യ നിരോധനം പറയുമ്പോള്‍ നികുതി വരുമാനം കുറയുമെന്നാക്ഷേപിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്. ലഹരിയിയുടെ സ്വന്തം നാടായി മാറിയിരിക്കുന്ന കേരളത്തെ മോചിപ്പിക്കാന്‍ പിണറായി വിജയന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
(ലഹരി നിര്‍മ്മാര്‍ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)

SHARE