മംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ശാരീരികമായി ബന്ധപ്പെട്ടശേഷം 20 യുവതികളെ സയനൈഡ് നല്‍കി കൊന്ന കേസിലെ പ്രതി ബണ്ട്വാള്‍ കന്യാനയിലെ മോഹന്‍കുമാറി(സയനൈഡ് മോഹന്‍)ന് അവസാന കേസില്‍ ജീവപര്യന്തം ശിക്ഷ. കാസര്‍കോട്ടെ ആസ്പത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാര്‍ സ്വദേശി പുഷ്പാവതി(25)യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്.
19 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ നേരത്തേ ആറു കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും ശിക്ഷവിധിച്ചിരുന്നു. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. രണ്ടു കേസുകളിലെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷാവിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
പുഷ്പാവതിയെ പരിചയപ്പെട്ട മോഹന്‍കുമാര്‍ മൂന്നുതവണ ഇവരുടെ വീട്ടില്‍ ചെല്ലുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തു. 2009 ജൂലായ് എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ പുഷ്പാവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ മോഹന്‍കുമാറിനെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ വിവാഹിതരായെന്നും ഏതാനുംദിവസത്തിനകം തിരിച്ചെത്തുമെന്നും പറഞ്ഞു.
ജൂലായ് എട്ടിന് സുള്ള്യയിലെത്തിയ പുഷ്പാവതിയെയുംകൂട്ടി ബെംഗളൂരുവിലെത്തിയ മോഹന്‍കുമാര്‍ അവിടെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികമായി ബന്ധപ്പെട്ടു. അടുത്തദിവസം രാവിലെ തന്ത്രപൂര്‍വം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെപ്പിച്ചശേഷം പുഷ്പാവതിയെയും കൂട്ടി സമീപത്തെ ബസ്സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് നല്‍കി. ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടോയ്‌ലറ്റില്‍ പോയി കഴിക്കാന്‍ നിര്‍ദേശിച്ചു. ടോയ്‌ലറ്റില്‍ കയറി ഗുളിക കഴിച്ച പുഷ്പാവതി അവിടെ കുഴഞ്ഞുവീണു.
ബസ്സ്റ്റാന്‍ഡിലുണ്ടായിരുന്ന ഉപ്പാര്‍പേട്ട് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.എന്നാല്‍ മൂന്നര മാസത്തിനുശേഷം 2009 ഒക്ടോബര്‍ 21ന് മോഹന്‍കുമാര്‍ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പുഷ്പാവതിയടക്കം 20 യുവതികളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തുവന്നത്.