തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ പിന്‍വാതില്‍ നിയമനം നേടിയ 47 പേരെ സ്ഥിരപ്പെടുത്തിയത് ചട്ടങ്ങള്‍ മറികടന്ന്. നിയമനം ക്രമവിരുദ്ധമെന്നു കണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം അനുഭാവികളെ തിരുകിക്കയറ്റിയതാണ് യു.ഡി.എഫ് റദ്ദാക്കിയത്. ഇവരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. ഈ നിയമനങ്ങള്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ ഫയല്‍ ചെയ്ത റിട്ട് അപ്പീല്‍ പിന്‍വലിച്ചുകൊണ്ടാണ് നടപടി.
ലൈബ്രറി കൗണ്‍സില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് മുമ്പ് താത്ക്കാലിക ജീവനക്കാരായി കയറിയവരാണ് എന്ന ന്യായം പറഞ്ഞാണ് ഇവരെ സ്ഥിരപ്പെടുത്തുന്നത്. 41 എല്‍.ഡി ക്ലാര്‍ക്കുമാരെയും ആറ് അറ്റന്റര്‍മാരെയുമാണ് സ്ഥിരപ്പെടുത്തുന്നത്. ഇതില്‍ 26 പേരെ 2011 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്ഥിരപ്പെടുത്തുന്നത്. എട്ടു കോടിയോളം രൂപ കുടിശ്ശികയിനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കേണ്ടി വരും. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സ്കോള്‍ കേരളയിലും സമാന രീതിയില്‍ കൂട്ട സ്ഥിരപ്പെടുത്തലിന് ശ്രമം നടക്കുകയാണ്. മുന്‍ എസ്.എഫ്.ഐ ഭാരവാഹികള്‍, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അമ്പതിലേറെ പേരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്.