കൊറോണ വരുമെന്ന് ആദ്യം പറഞ്ഞ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

ചൈന: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ ഡോക്ടറായ ലീ വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കല്‍ പൊലീസും പാടേ അവഗണിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി!

വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. താന്‍ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.

ജനുവരി ആദ്യം പുതിയ വൈറസ് ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ് പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്ക്ക് ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.

ജനുവരി 20നു കൊറോണ വൈറസ് ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി 30ന് ഡോക്ടറുടെ അടുത്ത സന്ദേശമെത്തി, ‘ഒടുവില്‍ എനിക്കും രോഗം സ്ഥിരീകരിച്ചു’.