എച്ച്.ഡി കുമാരസ്വാമി, പ്രകാശ് രാജ് ഉള്‍പ്പെടെ 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്

ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടനും കടുത്ത ആര്‍.എസ്.എസ് വിമര്‍ശകനുമായ പ്രകാശ് രാജ് ഉള്‍പ്പെടെ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടന്‍ പ്രകാശ് രാജ് എന്നിവരുള്‍പ്പെടെയുള്ളവരെയും ജനുവരി 29ന് വധിക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് തപാലില്‍ ലഭിച്ചത്.

നടന്‍ ചേതന്‍, സി.പി.എം. നേതാവ് വൃന്ദാകാരാട്ട്, മുന്‍ ബജ്‌റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എം.എല്‍.എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവരാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുള്ളവര്‍.

സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാന്‍ നിജഗുണാനന്ദ സ്വാമിയോട് ആവശ്യപ്പെടുകയാണ് കത്തില്‍. സ്വാമിക്കുപിന്നാലെ കത്തില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റുവ്യക്തികളുടെ അന്ത്യയാത്ര നടക്കുമെന്നും ഇതിനായി ഇവരെ ഒരുക്കണമെന്നും കത്തില്‍പറയുന്നു. നടന്‍ ചേതന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും കണ്ട് ഭീഷണിക്കത്തിന്റെ പകര്‍പ്പ് കൈമാറി. വിഷയം ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചേതന്‍ പറഞ്ഞു.

ദാവന്‍ഗരെയില്‍നിന്നാണ് കത്തയച്ചതെന്ന് മനസ്സിലായിട്ടുണ്ടെന്ന് ബെലഗാവി റൂറല്‍ എസ്.പി. ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. വധഭീഷണി മുഴക്കി രണ്ടുമാസംമുമ്പ് ഫോണ്‍കോള്‍ ലഭിച്ചിരുന്നതായി സ്വാമി പോലീസിനോട് പറഞ്ഞു. കലബുറഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തിലാണ് സ്വാമിയുള്ളത്. സ്വാമിക്ക് കലബുറഗി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പൗരത്വനിയമഭേദഗതിയെ എതിര്‍ത്തവരാണ് വധഭീഷണി ലഭിച്ചവരില്‍പലരും.

SHARE