കര്‍ണാടകയിലെ സ്‌കൂളുകളില്‍നിന്ന് ടിപ്പുസുല്‍ത്താനും ഭരണഘടനയും പുറത്ത്; വിവാദ തീരുമാനവുമായി ബി.ജെ.പി സര്‍ക്കാര്‍

ബംഗളൂരു: കോവിഡ് 19 മൂലം സിലബസ് പരിഷ്‌കരിച്ചപ്പോള്‍ അതില്‍ നിന്ന് ടിപ്പു സുല്‍ത്താനും ഇന്ത്യന്‍ ഭരണഘടനയും പുറത്ത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ മറവില്‍ ഇവ വെട്ടിക്കളഞ്ഞത്. ഇസ്‌ലാം, ക്രിസ്തുമതം എന്നിവയും സിലബസില്‍ നിന്ന് ഒഴിവാക്കി.

ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലാണ് ഭരണഘടനയെ കുറിച്ചുള്ള ഭാഗം. ഭരണഘടനയുടെ പ്രത്യേകതകള്‍, ഭരണഘടനാ നിര്‍മാണസഭയുടെ കമ്മിറ്റി എന്നിവയെ കുറിച്ചാണ് അദ്ധ്യായം. ഇത് ഒമ്പതാം ക്ലാസില്‍ പഠിക്കുന്നുണ്ട് എന്നാണ് ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആറാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ഇസ്‌ലാമിനെ കുറിച്ചും ക്രിസ്തുമത്തെ കുറിച്ചുമുള്ള അദ്ധ്യായങ്ങള്‍ ഒഴിവാക്കിയത്.

അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ടിപ്പുസുല്‍ത്താന്‍, ഹൈദരലി എന്നീ ചരിത്രപുരുഷന്മാരെ കുറിച്ചുള്ള അദ്ധ്യായങ്ങളും ഒഴിവാക്കി. മൈസൂരിലെ ചരിത്ര സ്ഥലങ്ങളെ കുറിച്ചുമുള്ള പാഠങ്ങളുമില്ല. ടിപ്പു സുല്‍ത്താന്റെ ചരിത്രത്തിനെതിരെ നേരത്തെ തന്നെ ബി.ജെ.പി നില കൊണ്ടിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമവും ബി.ജെ.പി നേരത്തെ നടത്തിയിരുന്നു.

സിലബസ് വെട്ടിക്കുറക്കുന്ന കാരണം പറഞ്ഞ് ചരിത്രത്തെ കശാപ്പ് ചെയ്യാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ഇത് അംഗീകരിക്കാനാകില്ല. ചരിത്രം ചരിത്രം തന്നെയാണ്. സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ചരിത്രത്തെ മാറ്റാനാകില്ല. ഞങ്ങള്‍ ഇക്കാര്യം ഗൗരവമായി തന്നെ എടുക്കും’ – സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ജെ.ഡി.യു നേതാവ് തന്‍വീര്‍ അഹ്മദ് ആരോപിച്ചു. ‘ഇന്ത്യയെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് മനസ്സിലായിട്ടില്ല. ഒരുകാര്യമാണ് അവര്‍ ചെയ്യുന്നത്. ക്രിസ്ത്യാനികളും മുസ്‌ലിംകളും മറ്റു സമുദായങ്ങളിലെ ചരിത്രകഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല എന്ന കാര്യം’ – അദ്ദേഹം പറഞ്ഞു.

SHARE