ലഖ്നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്ലു കുമാറി(40)നായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. രേണുദേവി ഭര്‍ത്താവിന് ചായ നല്‍കിയിരുന്നു. എന്നാല്‍ ചായയില്‍ മധുരം കുറഞ്ഞതിന് ബബ്ലു ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. വീട്ടിലുണ്ടായിരുന്ന ഇവരുടെ മൂന്ന് മക്കള്‍ രാവിലെ മാതാപിതാക്കളുടെ ബഹളം കേട്ട് ഉണര്‍ന്നിരുന്നു. ഇവര്‍ പിന്നീട് അടുക്കളയില്‍ എത്തിയപ്പോഴാണ് അമ്മ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.
സംഭവത്തില്‍ ബബ്ലുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.