രാത്രി റോഡിലൂടെ കന്നുകാലികളുടെ പിന്നാലെ ഓടുന്ന പുള്ളിപ്പുലി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

രാത്രി റോഡിലൂടെ കന്നുകാലികളെ ഓടിച്ച് കടന്നുപോവുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കന്നുകലികള്‍ നിരത്തിലൂടെ രാത്രിയില്‍ നിരത്തിലൂടെ ഓടിവരുന്നതു ദൃശ്യത്തില്‍ കാണാം. പിന്നാലെ പുലിയും അവയെ തുരത്തിക്കൊണ്ടെത്തി. അല്‍പ സമയം പൊലീസ് സ്റ്റേഷനു മുന്നില്‍ കിടന്ന പുലി വീണ്ടും കന്നുകാലികള്‍ക്ക് പിന്നാലെ പോകുന്നതു കാണാം. പൊലീസ് സ്റ്റേഷനു പുറത്തേക്കിറങ്ങിവന്ന ഒരാള്‍ പുലിയെ കണ്ട് അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ ജനവാസകേന്ദ്രങ്ങളില്‍ പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൈനിറ്റാളില്‍ വീടിനുള്ളില്‍ കടന്ന് വളര്‍ത്തുനായയെ കടിച്ചെടുത്തുകൊണ്ടുപോയിരുന്നു.
ഐയുസിഎന്നിന്റെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് പുള്ളിപ്പുലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല്ലിനും നഖങ്ങള്‍ക്കും മറ്റു ശരീരഭാഗങ്ങള്‍ക്കും വേണ്ടി വ്യാപകമായി വേട്ടയാടിയതാണ് ഇവയുടെ എണ്ണം ഇന്ത്യയില്‍ ഗണ്യമായി കുറയാന്‍ കാരണം. കാടു കൈയേറുന്നതും ഭക്ഷ്യലഭ്യത കുറയുന്നതും വാസസഥലം ചുരുങ്ങുന്നതുമൊക്കെയാണ് മൃഗങ്ങള്‍ കാടിറങ്ങുന്നതിനു പിന്നില്‍.

SHARE