ഹെഡ്‌ഫോണില്‍ പാട്ടുകേള്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലി കടിച്ചുവലിച്ചു കാട്ടില്‍ കൊണ്ടുപോയി കൊന്നു


ഡെറാഡൂണ്‍: ഹെഡ്ഫോണില്‍ പാട്ട് കേള്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മംമ്തയാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലുള്ള രാംനഗര്‍ മേഖലയിലാണ് സംഭവം. രാംനഗറിലെ ബൈല്‍പരാവോ വന മേഖലക്കടുത്തുള്ള ചുനാഖാന്‍ ഭാഗത്താണ് പെണ്‍കുട്ടിയുടെ വീട്.

വീടിന് സമീപത്തുകൂടി ഒഴുകുന്ന കനാലിന്റെ കരയിലിരുന്ന് ഹെഡ്ഫോണില്‍ പാട്ട് കേള്‍ക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ പുലിയുടെ ആക്രമണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് പുലി കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഗ്രാമവാസികളില്‍ നിന്ന് വിവരം ലഭിച്ചയുടനെ സ്ഥലത്തേക്ക് പോയതായി ബൈല്‍പരാവോ വനത്തിലെ റെയ്ഞ്ചര്‍ സന്തോഷ് പന്ത് പറഞ്ഞു.

ഒരു ഹെഡ്ഫോണും ചീപ്പും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി പാട്ട് കേള്‍ക്കുന്ന സമയത്താണ് പുലി ആക്രമിക്കാന്‍ വന്നതെന്നും പാട്ടില്‍ ലയിച്ചിരുന്നതിനാല്‍ പുലി വന്നത് പെണ്‍കുട്ടി അറിഞ്ഞുകാണില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് പേരെയാണ് ഈ മേഖലയില്‍ പുലികള്‍ കൊലപ്പെടുത്തിയത്.

SHARE