ബംഗാളില്‍ ഇടത് അനുകൂല വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു ; വെളിപ്പെടുത്തലുമായി യെച്ചൂരി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു.

കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോഴാണ് ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ചത്. ഇതാണ് ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്‍ നേടാന്‍ ഇടയാക്കിയത്. ഇടത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന തൃണമൂലിന്റെ നടപടിക്കെതിരായ പ്രതികരണമായിരുന്നു ഇത്.
തിരഞ്ഞെടുപ്പ് വേളയില്‍ നാല് തവണ താന്‍ ബംഗാളില്‍ എത്തിയിരുന്നു. അവസാന ഘട്ടത്തിന് മുമ്പ് ഞാന്‍ ആ മുദ്രാവാക്യം കേട്ടു. ‘ഇത്തവണ വോട്ട് രാമന്, ഇടതിന് വോട്ട് പിന്നീട്’ എന്നായിരുന്നു ആ മുദ്രാവാക്യം. ആരാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവെന്ന് അറിയില്ല. പക്ഷേ അങ്ങനെയൊരു വികാരം അവിടെയുണ്ടായിരുന്നു യെച്ചൂരി പറഞ്ഞു.