ഇടതു സൈബര്‍ ഗുണ്ടകള്‍ക്ക് ആളുമാറി; മാധ്യമപ്രവര്‍ത്തക ആണെന്നു കരുതി മറ്റൊരു നിഷാ പുരുഷോത്തമനു താഴെ അസഭ്യവും തെറിവിളിയും

കോഴിക്കോട്: മനോരമാ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകയായ നിഷാ പുരുഷോത്തമനാണെന്നു കരുതി ആളുമാറി പൊങ്കാലയിട്ട് സൈബര്‍ സഖാക്കള്‍. നിഷ പുരുഷോത്തമന്‍ എന്നു പേരുള്ള വന്യജീവി ഫോട്ടോഗ്രാഫറുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറിയാണ് ഇടതു കേന്ദ്രങ്ങളില്‍ നിന്നുള്ള സൈബര്‍ ഗുണ്ടകള്‍ അധിക്ഷേപവര്‍ഷങ്ങള്‍ ചൊരിഞ്ഞത്. മാധ്യമപ്രവര്‍ത്തക നിഷയുടേതെന്ന പേരില്‍ ഇവരുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തിട്ടുമുണ്ട്. ഇതേ തുടര്‍ന്നുണ്ടായ അസ്വസ്ഥത കാരണം നിഷ സ്വന്തം പേജില്‍ വീഡിയോയില്‍ വരികയായിരുന്നു.

നിഷ പുരുഷോത്തമനെതിരായുള്ള അധിക്ഷേപങ്ങള്‍ ആളു മാറി തനിക്ക് വരുന്നുണ്ടെന്നും അസഹനീയമായതിനാലാണ് വീഡിയോയില്‍ വന്നതെന്നും ഇവര്‍ വ്യക്തമാക്കി. അസഭ്യവും അശ്ലീലവും നിറഞ്ഞ, പുറത്തു പറയാന്‍ കൊള്ളാത്ത നിരവധി അധിക്ഷേപങ്ങളാണ് തനിക്കെതിരെ കമന്റ് ബോക്‌സുകളിലായും പ്രൈവറ്റ് മെസേജായും വരുന്നത്. പല വിധത്തിലായി തന്റെ ഫോട്ടോയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

I have a request to all my friends. I need some support from all of you to get this msg to this person. Vinod Varghese…

Posted by Nisha Purushothaman on Wednesday, August 12, 2020

നിങ്ങള്‍ ഉദ്ദേശിച്ച നിഷയല്ല താന്‍ എന്ന് പറഞ്ഞിട്ടും കമന്റ് ഡിലീറ്റ് ചെയ്യാത്ത കുറേ പേരുണ്ട്. അതുകൊണ്ടു കൂടിയാണ് വ്യക്തിപരമായ അക്കൗണ്ടിലൂടെ വന്നത്. സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും നിഷ പറയുന്നു.