ബെയ്‌റൂട്ട് സ്‌ഫോടനം; സര്‍ക്കാര്‍ രാജിവെച്ചു

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെച്ചുു. സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് തൊട്ടടുത്ത ദിവസം മുതല്‍ ലെബനീസ് സര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങി. സ്‌ഫോടനത്തെ തുടര്‍ന്ന് ഗുഢാലോചനാ സിദ്ധാന്തങ്ങളും തരം പോലെ വ്യാപകമായി പ്രചരിക്കപ്പെട്ടു.

കലാപങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കുകയാണെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. എല്ലാ മന്ത്രിമാരുടെയും പേരില്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയബ് രാഷ്ട്രപതിക്ക് രാജി കൈമാറി. പതിനായിരത്തോളം പേര്‍ രക്തസാക്ഷി സ്‌ക്വയറില്‍ തടിച്ചുകൂടിയപ്പോള്‍ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും ലെബനന്‍ ബാങ്കുകളുടെ അസോസിയേഷനുകളെയും ആക്രമിച്ചു. പ്രതിഷേധങ്ങള്‍ പലസ്ഥലങ്ങളിലും കലാപത്തിന് വഴിതെളിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രസിഡന്റ് മൈക്കല്‍ ഔണ്‍, ഹസ്സന്‍ ഡയാബിന്റെ രാജി സ്വീകരിച്ച് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ താത്കാലിക മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെട്ടു. എങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് 7,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും കുറഞ്ഞത് 3,00,000 പേരെ ഭവനരഹിതരാക്കുകയും ചെയ്ത ബെയ്‌റൂട്ടിലെ തെരുവുകളില്‍ കലാപത്തിന് ശമനമില്ല.

ബെയ്‌റൂട്ടില്‍ 2,750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരിക്കുന്നതിനെക്കുറിച്ച് ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നാണ് ലെബനനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. പാപ്പരായ റഷ്യന്‍ വ്യവസായി ഇഗോര്‍ ഗ്രീച്ചുഷ്‌കിന്റെ ഉടമസ്ഥതയിലുള്ള കപ്പലില്‍ നിന്ന് 2750 കിലോ അമോണിയം നൈട്രേറ്റ് ചരക്ക് പിടിച്ചെടുത്ത് സ്വീക്ഷിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകളൊന്നും ഇക്കാര്യത്തില്‍ ശാശ്വതമായ ഒരു പരിഹാരത്തിന് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ല.

SHARE