ലീഗ് കപ്പ്: യുനൈറ്റഡിനും ആര്‍സനലിനും ജയം, ഷൂട്ടൗട്ടില്‍ സിറ്റി കടന്നുകൂടി

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ ക്വാര്‍ട്ടറില്‍. സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ മുന്നേറിയപ്പോള്‍ നോര്‍വിച്ചിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നു വന്ന ശേഷമായിരുന്നു ആര്‍സലനിന്റെ ജയം. വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ സിറ്റി ഷൂട്ടൗട്ടിലാണ് കടന്നു കൂടിയത്. ലീഡ്‌സിനെ 3-1 ന് വീഴ്ത്തി ലെസ്റ്ററും ക്രിസ്റ്റല്‍ പാലസിനെ 4-1 ന് തകര്‍ത്ത് ബ്രിസ്റ്റോള്‍ സിറ്റിയും മിഡില്‍സ്‌ബ്രോയെ 3-1 ന് തോല്‍പ്പിച്ച് എ.എഫ്.സി ബോണ്‍മത്തും ക്വാര്‍ട്ടറില്‍ കടന്നു.

21, 59 മിനുട്ടുകളില്‍ ജസ്റ്റിന്‍ ലിംഗാര്‍ഡ് നേടിയ ഗോളുകളിലായിരുന്നു യുനൈറ്റഡിന്റെ ജയം. 34-ാം മിനുട്ടില്‍ ജോഷ് മര്‍ഫി നോര്‍വിച്ചിന് ലീഡ് നല്‍കിയിരുന്നെങ്കിലും പകരക്കാരനായിറങ്ങിയ എഡ്വാര്‍ഡ് എന്‍കറ്റിയായുടെ ഇരട്ട ഗോള്‍ ആര്‍സനലിന് രക്ഷയാവുകയായിരുന്നു. 85-ാം മിനുട്ടിലും എക്‌സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിലുമായിരുന്നു 18-കാരനായ ഇംഗ്ലീഷ് താരത്തിന്റെ ഗോളുകള്‍.

ഗബ്രിയേല്‍ ജീസസ്, അഗ്വേറോ, യായ ടൂറെ തുടങ്ങിയ പ്രമുഖരെല്ലാമുണ്ടായിട്ടും ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ മികച്ച പ്രകടനമാണ് ഷൂട്ടൗട്ടില്‍ അവര്‍ക്ക് തുണയായത്. സിറ്റി മൂന്നു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ട് കിക്കുകള്‍ തടഞ്ഞ് ചിലിയന്‍ ഗോള്‍കീപ്പര്‍ കളിയിലെ താരമായി.