തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിര്‍ണായക ഇടതു മുന്നണി യോഗം ഇന്നു ചേരും. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഇതിനു മുമ്പായി നടക്കും.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തോമസ്ചാണ്ടി വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ വിഷയം പരാമര്‍ശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നില്ല.