തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തുടങ്ങി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച പരീക്ഷകളൊന്നും ഈ വര്‍ഷമുണ്ടാകില്ല. ഇതിനകം പ്രഖ്യാപിച്ച പരീക്ഷകളെങ്കിലും നടത്താന്‍ കമ്മിഷന് ആലോചിച്ചിരുന്നെങ്കിലും അതിനുപോലും കഴിയാത്ത സാഹചര്യമാണ്. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ ഈ വര്‍ഷം അവസാനത്തോടെയെങ്കിലും നടത്താനായിരുന്നു പിഎസ്സി ആലോചിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇതിനു കഴിയില്ല. സംസ്ഥാനത്തെ സ്കൂളുകള്‍ എന്നു തുറക്കുമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് യാതൊരു വ്യക്തതയുമില്ല. ലക്ഷക്കണക്കിനു പേര് എഴുതുന്ന പരീക്ഷകള്‍ സ്കൂളുകള്‍ തുറക്കാതെ പിഎസ്സിക്ക് നടത്താനും കഴിയില്ല. അതുകൊണ്ടുതന്നെ സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ഫയര്മാന്, സിവില്‍ പൊലീസ് ഓഫിസര്‍, എല്‍പി/ യുപി അസിസ്റ്റന്റ് തുടങ്ങി ധാരാളം അപേക്ഷകരുള്ള ഒരു പരീക്ഷയും ഈ വര്‍ഷം നടത്താന്‍ സാധ്യതയില്ല.
കുറച്ച് അപേക്ഷകരുള്ള തസ്തികകളില്‍ പിഎസ്സിയുടെ ഓണ്‍ലൈന്‍ കേന്ദ്രത്തില്‍ പരീക്ഷ നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കണ്ടെയിന്റ്മെന്റ് സോണായതിനാല്‍ അതിനും കഴിയില്ല. ചുരുക്കത്തില്‍ ഉടനെയൊന്നും പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.