ലോ അക്കാദമി സമരം; ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്നോട്ട്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എഫ്.ഐ. പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്‍മാറുമെന്ന് സൂചന. സംസ്ഥാന നേതാവ് ജെയ്ക് സി.തോമസുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തുകയാണ്.

പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായര്‍ രാജിവെക്കണമെന്നതായിരുന്നു എസ്.എഫ്.ഐയുടെ നിലപാട്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ഇതേ ആവശ്യം തന്നെയാണ് മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവെക്കേണ്ട, അഞ്ച് വര്‍ഷത്തേക്ക് ചുമതലയില്‍ നിന്നും മാറി നിന്നാല്‍ മതിയെന്നാണ് സംഘനയുടെ പുതിയ നിലപാട്.

മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ രാജി വെക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ലക്ഷ്മി നായര്‍ വൈസ് പ്രിന്‍സിപ്പലാകുമെന്നും അധ്യാപികയായി തുടരുമെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ വീണ്ടും മാനേജ്‌മെന്‍്‌റ് തിരിച്ചുവിളിച്ചു. എന്നാല്‍ അതിലും തീരുമാനമായില്ല. എന്തായാലും നിലപാട് മയപ്പെടുത്തിയ എസ്.എഫ്.ഐ സമരം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാജിവെക്കേണ്ടെന്ന തീരുമാനത്തില്‍ എസ്.എഫ്.ഐ എത്തുകയാണെങ്കില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

SHARE