ലോ അക്കാദമി: ചര്‍ച്ച പാളി; സമരം തുടരും

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കാനായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താമെന്ന് യോഗത്തെ അറിയിച്ചുവെങ്കിലും എത്രകാലത്തേക്കായിരിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മാനേജ്‌മെന്റ് ഒരു ഉറപ്പും നല്‍കാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. പ്രിന്‍സിപ്പല്‍ രാജിവെച്ചേ മതിയാകൂവെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉറച്ചുനിന്നതോടെ രണ്ട് തവണയായി നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

എസ്.എഫ്.ഐ നേതാക്കള്‍ മാത്രമാണ് രാജി ആവശ്യത്തില്‍ നിര്‍ബന്ധം പിടിക്കാതിരുന്നത്. സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാറിന്റെ തീരുമാനം ഇന്നുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും അറിയച്ചു. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ പോലും അടിപതറുന്ന സാഹചര്യത്തിലാണ് ഡയരക്ടര്‍ ബോര്‍ഡ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയാറായത്. ഇന്നലെ രാത്രി എട്ടുമണിക്ക് ചര്‍ച്ചക്കെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ആവശ്യങ്ങള്‍ ഡയരക്ടര്‍ ബോര്‍ഡ് എഴുതിവാങ്ങി. തുടര്‍ന്ന്, പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നു തല്‍ക്കാലത്തേക്കു മാറിനില്‍ക്കാമെന്നും വൈസ് പ്രിന്‍സിപ്പലിനു അധികാരം കൈമാറുമെന്നും ലക്ഷ്മി നായര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, മാറിനില്‍ക്കുന്നത് എത്ര കാലത്തേക്കാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കിയതുമില്ല. അതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി.

പിന്നാലെയെത്തിയ മാനേജ്‌മെന്റ് പ്രതിനിധികള്‍ എല്ലാവരെയും വീണ്ടും ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെ രണ്ടു മണിക്കൂറോളും നീണ്ട ചര്‍ച്ച പരാജയപ്പെട്ടു. രണ്ടാംവട്ടവും പ്രതിഷേധവുമായി ഒരുമിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളോടൊപ്പം പുറത്തിറങ്ങാന്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ തുനിഞ്ഞില്ല. ഏറ്റവും അവസാനമാണ് അവര്‍ പുറത്തിറങ്ങിയത്. വിദ്യാര്‍ത്ഥി സംഘടനകളുടെ രണ്ടുവീതം പ്രതിനിധികളെയും അഞ്ചു വിദ്യാര്‍ത്ഥി പ്രതിനിധികളെയുമാണു ചര്‍ച്ചക്ക് വിളിച്ചിരുന്നത്.

 

അടുത്ത അധ്യായന വര്‍ഷം വരെ ലക്ഷ്മിനായരെ മാറ്റിനിര്‍ത്താമെന്ന നിലപാടാണ് മാനേജ്‌മെന്റ് യോഗത്തില്‍ സ്വീകരിച്ചത്. പകരം ചുമതല വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍പോറ്റിക്ക് നല്‍കും. അധ്യാപികയായി ലക്ഷ്മി നായര്‍ തുടരുമെന്നും മാനേജ്‌മെന്റ് യോഗത്തെ അറിയിച്ചു.
എന്നാല്‍ ഇത് എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി പ്രതിനിധികള്‍ തള്ളി. ലക്ഷ്മി നായരെ മാറ്റിനിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും അക്കാദമി ഡയരക്ടറുമായ നാരായണന്‍ നായര്‍ യോഗത്തിനു മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചതോടെ പ്രശ്‌നപരിഹാരത്തിന് വഴിതെളിയുമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സാധ്യത അടയുകയായിരുന്നു.അതേസമയം ദളിത് വിദ്യാര്‍ ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

SHARE