ലോ അക്കാദമി: ഒഴിഞ്ഞു മാറി പിണറായി; ‘ജേക്കബ് തോമസില്‍ പൂര്‍ണ വിശ്വാസം’

കോഴിക്കോട്: ലോ അക്കാദമി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ലോ അക്കാദമി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യത്തിന് സിപി രാമസ്വാമിയുടെ കാലത്ത് നടരാജപിള്ളയില്‍ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ഇത്രയും പഴയ കരാര്‍ പുനഃപരിശോധിക്കാന്‍ ഒരു സര്‍ക്കാറും തയാറാവില്ലെന്ന മറുപടി നല്‍കി പിണറായി ഒഴിഞ്ഞുമാറുകയായിരുന്നു. ബിജെപിയുടെ വി.മുരളീധരന്‍ സമരം നടത്തിയെന്നു കരുതി ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ജേക്കബ് തോമസിന്റെ വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടറില്‍ ഇപ്പോഴും പൂര്‍ണവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ചില കാര്യങ്ങള്‍ ഉന്നയിച്ച് ധനകാര്യ വകുപ്പില്‍ നിന്ന് ഒരു ഫയല്‍ വന്നിരുന്നു. പോര്‍ട്ട് ഡയറക്ടറായിരിക്കെ വന്ന വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചതാണ്. ഇതില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം ധനകാര്യ വിഭാഗം പരിശോധന നടത്തി റിപ്പോര്‍ട്ട് അയക്കേണ്ടതിന്റെ സാങ്കേതികത്വം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കണം. അതിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു വിട്ടത്. അഴിമതി ആരു കാണിച്ചാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

SHARE