ലോ അക്കാദമി സമരം 29-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ നിവേദനം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നറിയിപ്പു നല്‍കി.

law-academy-5

അതേസമയം ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന ഭൂമിയെക്കുറിച്ച് അന്വേഷിച്ച റവന്യു സെക്രട്ടറി ഇന്ന് റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഇന്നലെ ചില വിദ്യാര്‍ത്ഥികള്‍ ലോ അക്കാദമിക്കു മുന്നില്‍ ആത്മഹ്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. ആത്മഹത്യ ചെയ്യുമെന്നറിയിച്ച് മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് താഴെയിറക്കിയത്.