ലാത്തൂരില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ്സിന് ജയം

മുംബൈ: രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോള്‍ തിരിച്ചടികളില്‍ പതറി ബിജെപി. ബിജെപി ശക്തികേന്ദ്രമായിരുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെ തകര്‍ച്ച തുടരുകയാണ്. ലാത്തുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 11 എ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.

കോണ്‍ഗ്രസിന്റെ വികാസ് വാഗ്മറെയാണ് ബിജെപിയുടെ നിഖില്‍ ഗെയ്ക് വാദിനെ 726 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. ബിജെപിയുടെ ശിവകുമാര്‍ ഗെയ്ക്വാദ് മരിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടു. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്‌റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്. വ്യാഴാഴ്ച്ചനടന്ന വോട്ടെടുപ്പില്‍ വെളളിയാഴ്ച്ചയായിരുന്നു വോട്ടെണ്ണല്‍.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചിരുന്നു. ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാനാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

എന്‍ആര്‍സിയിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഷേധിച്ച് രാജിവെയ്ക്കുന്നുവെന്ന് ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് സന്‍വാര്‍ പട്ടേലിന് എഴുതിയ കത്തില്‍ അക്രം ഖാന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജിവെയ്ക്കുകയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അക്രം ഖാന്‍ പ്രതികരിക്കുകയും ചെയ്തു.

SHARE