വിമാനത്തിനായി തെരച്ചില്‍ തുടരുന്നു; സാലയുടെ അവസാന വാക്കുകള്‍ പുറത്ത്

കാര്‍ഡിഫ് ഫുട്‌ബോള്‍ താരം എമിലിയാനോ സാലയുമായി കാണാതായ ചെറുവിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് സൂര്യനുദിച്ചതോടെയാണ് വീണ്ടും തുടങ്ങിയത്. സാലയും സുഹൃത്തും ഇരുവരും സഞ്ചരിച്ച പൈപ്പര്‍ മാലിബു വിമാനത്തിന്റെ പൈലറ്റും ജീവിച്ചിരിക്കാന്‍ സാധ്യത വിരളമാണെന്നാണ് അധികൃതര്‍ പറയുന്നത്.

അതിനിടെ, താന്‍ അപകടത്തിലാണെന്ന് വ്യക്തമാക്കി എമിലിയാനോ സാല സുഹൃത്തുക്കള്‍ക്ക് അയച്ചതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഫുട്‌ബോള്‍ കളിക്കാരും സുഹൃത്തുക്കളുമടങ്ങുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സാല അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ അര്‍ജന്റീനയിലെ മാധ്യമസ്ഥാപനമായ ഓലെ ആണ് പുറത്തുവിട്ടത്. വിമാനം അപകടത്തില്‍പ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടുള്ളതാണ് ഓഡിയോ സന്ദേശങ്ങള്‍.

‘ഇപ്പോള്‍ തകര്‍ന്നുവീഴുമെന്ന് തോന്നിക്കുന്ന വിമാനത്തിലാണ് ഇപ്പോള്‍ ഞാനുള്ളത്. ഞാന്‍ കാര്‍ഡിഫിലേക്ക് പോവുകയാണ്. ഞങ്ങള്‍ക്ക് നാളെ തുടങ്ങാനുള്ളതാണ്. നാളെ ഉച്ചതിരിഞ്ഞ് പുതിയ ടീമില്‍ ഞാന്‍ പരിശീലനം തുടങ്ങുകയാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. സഹോദരീ സഹോദരന്മാരേ, എല്ലാം ശരിയല്ലേ?’

‘ഇനി ഒന്നര മണിക്കൂറില്‍ എന്നില്‍ നിന്നൊരു വാര്‍ത്തയും ലഭിച്ചില്ലെങ്കില്‍…. എന്നെ കാണാഞ്ഞ് തെരയാന്‍ അവര്‍ ആളുകളെ അയക്കുമോ എന്നറിയില്ല. പക്ഷേ, അച്ഛാ… ഞാന്‍ വല്ലാതെ ഭയപ്പെടുന്നു…’ ഒലെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ദുരന്തത്തിലേക്കുള്ള കൂടുമാറ്റം

ഫ്രഞ്ച് ക്ലബ്ബായ നാന്റസില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫിലേക്ക് കൂടുമാറിയ എമിലിയാനോ സാല സഞ്ചരിച്ച വിമാനം തിങ്കളാഴ്ച രാത്രിയാണ് നഷ്ടപ്പെട്ടത്. ഫ്രാന്‍സിലെ നാന്റസ് നഗരത്തില്‍ നിന്ന് ഇംഗ്ലണ്ടിലെ കാര്‍ഡിഫിലേക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് പ7.15 ന് പുറപ്പെട്ട പൈപ്പര്‍ മാലിബു വിമാനം ചാനല്‍ ദ്വീപുകള്‍ക്കു സമീപം വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 28-കാരനായ സാലയെ ഫ്രഞ്ച് ക്ലബ്ബ് നാന്റസില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 15 ദശലക്ഷം പൗണ്ടിന് ശനിയാഴ്ചയാണ് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയത്. പുതിയ തട്ടകത്തിലേക്കുള്ള ആദ്യയാത്രയിലാണ് സാലയും മറ്റൊരാളും യാത്ര ചെയ്ത വിമാനം അപ്രത്യക്ഷമായിരിക്കുന്നത്.

പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2300 അടി ഉയരത്തില്‍ വെച്ചാണ് റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടത്. കപ്പലപകടങ്ങള്‍ക്കു കുപ്രസിദ്ധമായ കാസ്‌ക്വേ ലൈറ്റ്ഹൗസിനു സമീപംവെച്ചാണ് വിമാനം കാണാതായതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഫ്രഞ്ച്, ബ്രിട്ടീഷ് അധികൃതര്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സാലയും സഹയാത്രികനും ജീവനോടെയുണ്ടായിരിക്കാന്‍ 50 ശതമാനം സാധ്യത മാത്രമാണ് താന്‍ കാണുന്നതെന്ന് ചാനല്‍ ദ്വീപിലെ എയര്‍ സെര്‍ച്ച് ചീഫ് ഓഫീസര്‍ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

അഞ്ച് വിമാനങ്ങളും രണ്ട് ലൈഫ്‌ബോട്ടുകളും ഉപയോഗിച്ച് 100 ചതുരശ്ര മൈല്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെന്നും വിമാനത്തിന്റെ സൂചനകള്‍ ലഭിച്ചില്ലെന്നും ഫ്രഞ്ച് പൊലീസ് പറഞ്ഞു. ശക്തമായ കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്.

ഫ്രഞ്ച് ലീഗിലെ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റത്തിന് എമിലിയാനോ സാലയെ സഹായിച്ചത്. ലീഗില്‍ കെയ്‌ലിയന്‍ എംബാപ്പെക്കും എഡിന്‍സന്‍ കവാനിക്കും നെയ്മറിനും നിക്കോളാസ് പെപ്പെക്കും പിന്നില്‍ 12 ഗോളുമായി നാലാം സ്ഥാനത്താണ് സാല.

നാന്റസ് ടീമംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ച സാല ‘അവസാനത്തെ ഗുഡ്‌ബൈ’ എന്നാണ് കുറിച്ചത്. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ഡിഫിലെത്തി പുതിയ കൂട്ടുകാരെ പരിചയപ്പെടാനും പരിശീലനം തുടങ്ങാനും തിടുക്കമായെന്നും താരം പറഞ്ഞു.