മലിംഗ ലങ്കന്‍ ടീമില്‍ തിരിച്ചെത്തി

കൊളംബൊ: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ലങ്കന്‍ പേസര്‍ ലസിത് മലിംഗ ഓസീസിനെതിരായ ടി 20 ടീമില്‍ തിരിച്ചെത്തി. ഈ മാസം 17നാണ് ലങ്കയുടെ മൂന്നു മത്സര ടി 20 മത്സരത്തിന് തുടക്കമാവുക. 33കാരനായ മലിംഗ 191 ഏകദിനത്തിലും 62 ടി 20യിലും ലങ്കക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടന്ന ഏഷ്യ കപ്പിലാണ് മലിംഗ അവസാനമായി കളിച്ചത്. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയതിനാല്‍ ഉപുല്‍ തരംഗയാണ് ടീമിന്റെ നായകന്‍. അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പര 2-1ന് സ്വന്തമാക്കിയ നായകന്‍ ദിനേശ് ചാണ്ഡിമാലിനെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൂന്നു മത്സരങ്ങളിലും ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടതാണ് ചാണ്ഡിമാലിന് തിരിച്ചടിയായത്. ഓള്‍ റൗണ്ടര്‍ ദാസുന്‍ ശനക, മിലിന്ദ ശ്രീവര്‍ധന, ബാറ്റ്‌സ്മാന്‍ ദില്‍ഷന്‍ മുനവീര, ചമര കപുകേതര എന്നിവരെ ടീമിലേക്കു തിരിച്ചു വിളിച്ചിട്ടുണ്ട്.

SHARE