പാര്‍ക്കിങ് സ്ഥലം അഭയകേന്ദ്രമാക്കി അമേരിക്ക; ആളുകള്‍ ഉറങ്ങുന്നത് ഒരു സുരക്ഷയുമില്ലാതെ കോണ്‍ഗ്രീറ്റ് തറയില്‍

ചിക്കു ഇര്‍ഷാദ്

ന്യൂയോര്‍ക്ക്: കോവിഡ് 19 ”അടിയന്തര സാഹചര്യം” കണക്കാക്കി അമേരിക്കയിലെ ലാസ് വെഗാസില്‍ ഒരുക്കിയ അഭയകേന്ദ്രത്തില്‍ ആളുകള്‍ ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ വിവാദമാവുന്നു. റോഡരികില്‍ പാര്‍ക്കിങിനായുള്ള തുറസ്സായ സ്ഥലത്ത് ഭവനരഹിതരായ ആളുകള്‍ക്ക് ഒരു സുരക്ഷയുമില്ലാതെ ഒരുക്കിയ അഭയകേന്ദ്രത്തിലെ ചിത്രങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.

ഭവനരഹിതര്‍ താമസിക്കുന്നിടത്ത് ഒരു കോവിഡ് സ്ഥിരീകരണം വന്നതോടയാണ് ആയിരത്തോളം വരുന്ന ആളുകള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാര്‍ക്കിങ് സ്ഥലത്ത് നിരീക്ഷണവിധേയമായി താമസമൊരുക്കിയത്. വൈറസ് വ്യാപനം തടയാനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ സാമൂഹിക അകലമായ 6 അടി വിട്ടു എന്ന സുരക്ഷമാത്രം ഒരുക്കിയാണ് ആഞ്ഞൂറോളം വരുന്ന ആളുകള്‍ക്ക് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിലത്ത് ഉറക്കത്തിനായി സ്ഥലം കണ്ടെത്തിയത്. ഒരു സുരക്ഷയും പാലിക്കാത്തതും ഭവനരഹിതരായ ആളുകളോടുള്ള വിവേചനവും തുറന്നുകാട്ടുന്നതാണ് പാര്‍ക്കിംഗ് സ്ഥലത്ത് അധികൃതര്‍ ഒരുക്കിയ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍.

ഒരാള്‍ക്ക് കൊറോണ വൈറസിന് സ്ഥിരീകരിച്ചതോട കത്തോലിക്കാ ചാരിറ്റീസ് നടത്തുന്ന പുരുഷന്മാരുടെ അഭയകേന്ദ്രത്തില്‍ ഭവനരഹിതരായ ആളുകളെ വിലക്കപ്പെട്ടതോടെയാണ് അമേരിക്കയിലെ ദരിദ്രജനത്തിന് തെരുവില്‍ കോണ്‍ഗ്രീറ്റ് തറയില്‍ തലച്ചായിക്കേണ്ടി വന്നത്. ലാസ് വെഗാസില്‍ കാഷ്മാന്‍ സെന്ററിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് അധികൃതര്‍ പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. അടുത്തിടെ സോക്കര്‍ ഗെയിമുകള്‍ ആതിഥേയത്വം കാഷ്മാന്‍ സെന്ററിനുളളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാത്തതും വിവാദമായി. ഗ്രൗണ്ട് താല്‍ക്കാലിക ആസ്പത്രിക്കായി മാറ്റിവെച്ചതിനാലാണ് ആളുകളെ കാഷ്മാന്‍ സെന്ററിനുളളിലേക്ക് കടത്തിവിടാത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് ഒരു ജാഗ്രതയും കാണിക്കാതെ ആളുകളെ പാര്‍ക്കിങ് മൈതാനത്ത് പരുക്കനായി കിടത്തിയ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ ആളുകള്‍ നിലത്ത് ഉറങ്ങുന്നത് കാണിക്കുന്ന ചിത്രങ്ങളില്‍ ചിലര്‍ കൈയ്യെത്തും ദൂരത്തായാണ് കിടിക്കുന്നതെന്നതും തിരിച്ചടിയായി.

‘ഞങ്ങള്‍ വളരെ അടുത്ത് ഉറങ്ങുന്നതിനാല്‍ നിലത്ത് നിന്നും വൈറസ് പിടിപെടുന്നതില്‍ ഞാന്‍ ആശങ്കാകുലരാണെന്ന്, ആളുകള്‍ ലാസ് വെഗാസ് റിവ്യൂ ജേണലിനോട് പ്രതികരിച്ചതും ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയാണ്.

‘ഭവനരഹിതരെ കുറ്റവാളികളാക്കിയ ശേഷം, ലാസ് വെഗാസ് ഇപ്പോള്‍ ആളുകളെ കോണ്‍ക്രീറ്റ് ഗ്രിഡുകളിലേക്ക് എത്തിക്കുകയാണെന്ന്,” ബരാക് ഒബാമയുടെ കീഴില്‍ ഭവന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ പ്രസിഡന്റ് പ്രത്യാശയും സാന്‍ അന്റോണിയോ മേയറുമായ ജൂലിയന്‍ കാസ്‌ട്രോ ട്വീറ്റ് ചെയ്തു.

അതേസമയം, കൊവിഡിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ട്രംപ് ഭരണകൂടം. അനുദിനം രോഗബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുമ്പോള്‍ അമേരിക്ക ഭീതിയിലാണ്. ആസ്പത്രികള്‍ നിറഞ്ഞുകവിയുകയാണ്. പുതിയ താത്കാലിക ആശുപത്രികള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ കീഴടക്കാന്‍ അമേരിക്കയുടെ കോപ്പ്കൂട്ടലൊന്നും മതിയാകില്ലെന്നാണ് ആശങ്ക. രാജ്യത്ത് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് അമേരിക്ക. ഇതുവരെ രണ്ടു ല്ക്ഷത്തിലധികം കോവിഡ് സ്ഥിരീകരണങ്ങളാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ അയ്യായിരത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണായിരത്തിലധികം രോഗികള്‍ സുഖംപ്രാപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വൈറസ് വ്യാപനം കുറയണമെങ്കില്‍ 30 ദിവസം കൂടി വേണ്ടി വരുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.