കരിപ്പൂരിലേത് പോലെ ലാന്‍ഡിങ്ങിനിടെ നടന്നിട്ടുള്ള സമാനമായ അപകടമായിരുന്നു വിയറ്റ്നാമില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത്. 1992 നവംബര്‍ 14 -നാണ് വിയറ്റ്നാമില്‍ വിമാനാപകടം നടന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 30 പേരില്‍ ജീവനോടെ രക്ഷപ്പട്ടത് ആകെ ഒരു യുവതി മാത്രമായിരുന്നു. അവരുടെ പേര് ആനെറ്റ് ഹെഫ്കെന്‍സ് എന്നായിരുന്നു.
മാഡ്രിഡിലെ അറിയപ്പെടുന്ന ഒരു ഇന്റര്‍നാഷണല്‍ ബോണ്ട് ട്രേഡര്‍ ആയിരുന്നു ആനെറ്റ്. ING ബാങ്കിന്റെ പുതിയ രണ്ടു ശാഖകള്‍ തുറക്കാനായി വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ തങ്ങുന്ന ബാങ്കറായ തന്റെ കാമുകന് പാസ്യേ എന്ന് വിളിപ്പേരുള്ള വാന്‍ ഡെര്‍ പാസിനോടൊപ്പം ഒരു വെക്കേഷന് ചെലവിടാന്‍ എത്തിയതായിരുന്നു ആനെറ്റ്. അപ്രതീക്ഷിതമായാണ് പാസ്യേ ആനെറ്റിനെയും കൊണ്ട് തെക്കന്‍ ചൈനാ കടല്‍ത്തീരത്തുള്ള നാ ട്രാങ്ങ് റിസോര്‍ട്ടിലേക്ക് ഒരു റൊമാന്റിക് ട്രിപ്പിന് പുറപ്പെടുന്നത്.
അവര്‍ വിയറ്റ്നാമിലെ ഹോനായ് വിമാനത്താവളത്തില്‍ നിന്നും നാ ട്രാങ്ങിലേക്കുള്ള വിയറ്റ്നാം എയര്‍ലൈന്‍സ് ഫ്ളൈറ്റ് 474 ല്‍ ബോര്‍ഡ് ചെയ്തു. ഇരുപത്തിനാല് യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ടു പൈലറ്റുമാരും, മൂന്ന് ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരും ഒരു എഞ്ചിനീയറും അടങ്ങുന്നതായിരുന്നു കാബിന്‍ക്രൂ.
എന്നാല്‍ നാ ട്രാങ്ങില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആ സോവിയറ്റ് യാക്കോലെവ് 40 വിമാനം, കടുത്ത ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞു. ആ ടര്ബുലന്സില് നിന്നും രക്ഷപ്പെടാന്‍ വേണ്ടി ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ കാപ്റ്റന്‍ പെട്ടെന്ന് അള്‍ട്ടിട്യൂഡ് ഡ്രോപ്പ് ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നാവിഗേഷന്‍ സംവിധാനങ്ങളില്‍ ഉണ്ടായ തകരാറുകാരണം പൈലറ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. മലഞ്ചെരിവിലെ വന്മരങ്ങളില് ഒന്നിന്റെ ശിഖരങ്ങളില്‍ തട്ടി വിമാനം കഷ്ണങ്ങളായി ചിതറിപ്പോയി.
നാ ട്രാങ്ങില്‍ നിന്നും പത്തൊമ്പത് മൈല്‍ അകലെയായിരുന്നു വിമാനം തകര്‍ന്നുവീണ കാട്. ചെങ്കുത്തായ ആ മലഞ്ചെരിവില്‍ നിന്നും ജനവാസമുള്ള ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് പത്തുമൈല്‍ ദൂരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, വിമാനവുമായുള്ള റേഡിയോ ബന്ധങ്ങള്‍ അറ്റ്, വിമാനം തകര്‍ന്നുവീണു എന്ന് ബോധ്യപ്പെട്ട്, നാ ട്രാങ്ങ് വിമാനത്താവളത്തില്‍ നിന്നും രക്ഷാദൗത്യം തുടങ്ങി, വിമാനം തകര്‍ന്നുവീണ മലഞ്ചെരുവില്‍ എത്തിപ്പെട്ടപ്പോഴേക്കും എട്ടുദിവസങ്ങള്‍ പിന്നിട്ടിരുന്നു.
ആനെറ്റ് ഇരുന്നത് വിമാനത്തിലെ ഏറ്റവും അസുരക്ഷിതം എന്ന് പറയപ്പെട്ടിരുന്ന സീറ്റിലായിരുന്നു. ചിറകിനോട് ചേര്‍ന്നുള്ള സീറ്റ്. അവള് സീറ്റുബെല്‍റ്റ് ധരിച്ചിരുന്നു. ആ വിമാനം തകര്‍ന്നുവീണപ്പോള്‍ എല്ലാവരും തന്നെ സീറ്റ് ബെല്റ്റിട്ടിരുന്നു. സീറ്റ് ബെല്‍റ്റിന് 3000 പൗണ്ടിന്റെ ആഘാതം താങ്ങാനുള്ള കഴിവുണ്ടെന്നാണ് സങ്കല്പം. സീറ്റ്ബെല്‍റ്റ് മുറുക്കെ കെട്ടി സീറ്റില്‍ ഇരുന്നാല്‍ വിമാനം തകര്‍ന്നു വീഴുമ്പോഴുള്ള ആഘാതത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെടാനാകും എന്നാണ് പറയപ്പെടുന്നത്. ആനെറ്റ് മാത്രം രക്ഷപ്പെട്ടു, ബാക്കി എല്ലാവരും കൊല്ലപ്പെട്ടു. നിലത്ത് തട്ടിയപാടെ വിമാനം മൂന്നു കഷ്ണങ്ങളായി ചിതറിയിരുന്നു. കോക്ക്പിറ്റ്, ചിറകോട് കൂടി ഒരു നടുക്കഷ്ണം, പിന്നെ വാലറ്റം.
തകര്ന്നുവീണപാടെ നഷ്ടപ്പെട്ട ബോധം ആനെറ്റിന് തിരിച്ചുകിട്ടുന്നത് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. കണ്ണുതുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു സീറ്റിനടിയില്‍ പെട്ടുപോയിരുന്നു അവള്, സീറ്റിനു മുകളില്‍ വീണുകിടന്നയാള്‍ മരിച്ചിരുന്നു. ആ മൃതദേഹത്തിന്റെ ഭാരം കാരണം അവള്‍ക്ക് എഴുന്നേല്ക്കാനാവുന്നുണ്ടായിരുന്നില്ല. സകലബലവും സംഭരിച്ച് ആനെറ്റ് ഒന്ന് തള്ളിനോക്കി. അനക്കമില്ല. സീറ്റിനടിയില്‍ കുടുങ്ങിപ്പോയ കാലുകള്‍ വലിച്ചെടുത്തപ്പോള്‍, തകര്‍ന്ന സീറ്റിന്റെ കൂര്‍ത്ത അറ്റത്ത് തട്ടി രണ്ടുകാലും മുറിഞ്ഞ് ചോര ചീറ്റി. തൊട്ടപ്പുറത്ത് കിടക്കുന്ന പാസ്യേയെ ആനെറ്റ് കണ്ടു. അയാള്‍ ഇരുന്ന സീറ്റ് പിന്നോട്ട് മറിഞ്ഞുപോയിരുന്നു. അയാളുടെ ചുണ്ടത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ച അതേ മധുരമന്ദസ്മിതം. മരിച്ചുകഴിഞ്ഞിരുന്നു അയാള്‍. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയാണ് പാസ്യേ മരിച്ചത്.
ഒരുവിധം ഇഴഞ്ഞിഴഞ്ഞ് പുറത്തിറങ്ങി അവള്. ഏതൊക്കെയോ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഏതേതെന്ന് നിശ്ചയമില്ല. അസഹ്യമായ വേദന ദേഹത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും. അനങ്ങാന്‍ വയ്യ. ഒരു മരത്തില്‍ ചാരിയിരുന്നു കൊണ്ട് ആനെറ്റ് തന്റെ ശരീരം പരിശോധിച്ചു. എഴുന്നേറ്റു നില്ക്കുമ്പോള് ഇടുപ്പിന് അസഹ്യമായ വേദന. ഇരിക്കുമ്പോള്‍ നെഞ്ചിന്‍കൂട് പൊളിയുന്ന വേദന. ശ്വാസഗതി നേര്‍ത്തുനേര്‍ത്തു വരുന്നു.
ഒരിക്കല്‍ കൂടി ചുറ്റും കണ്ണോടിച്ചു ആനെറ്റ്. ഇരിക്കുന്നത് ഒരു കുന്നിന് ചെരിവിലാണ്. ചുറ്റും കാടോട് കാടു തന്നെ. അവള് കിടക്കുന്നതിന് പത്തടി മുകളിലായി ഒരു വിയറ്റ്നാമീസ് പെണ്‍കുട്ടി മുളചീന്തുന്ന സ്വരത്തില്‍ വാവിട്ടു നിലവിളിക്കുന്നുണ്ട്. കുറച്ചപ്പുറത്ത് ഒന്നുരണ്ടു പേര് വീണുകിടക്കുന്നുണ്ട്. അവര്‍ മരിച്ചിട്ടുണ്ടാവണം, അനക്കമൊന്നുമില്ല. ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ആനെറ്റിന് താനിരിക്കുന്നത് ഒരു വിയറ്റ്നാമീസ് ചെറുപ്പക്കാരന്റെ തൊട്ടടുത്താണ് എന്ന് മനസ്സിലായത്. അയാള്‍ അവളെ ആശ്വസിപ്പിച്ചു.
അവള് നോക്കിയിരിക്കെ അവര്‍ ഒന്നൊന്നായി മരിച്ചു. ആദ്യം നിലച്ചത് വിയറ്റ്നാമീസ് പെണ്‍കുട്ടിയുടെ നിലവിളിയായിരുന്നു. പിന്നെ തൊട്ടടുത്തിരുന്നയാള്‍ ജീവന് വെടിഞ്ഞു. എട്ടു ദിവസങ്ങള്‍… എട്ടുനീണ്ട ദിവസങ്ങളാണ് ആനെറ്റ് ആ കാട്ടിനുള്ളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കും, മരിച്ചവര്‍ക്കുമിടയില്‍ കഴിച്ചുകൂട്ടിയത്. ഇടയ്ക്കു പെയ്തിറങ്ങിയ മഴ അവള്‍ക്ക് ദാഹമടക്കാന്‍ വെള്ളം നല്കി. അതുമാത്രമായിരുന്നു അവള് ആ എട്ടുദിവസങ്ങളില്‍ ആകെ ഇറക്കിയത്.
തന്നെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയില്‍ അവള് ദിവസങ്ങള്‍ തള്ളിനീക്കി. ഒടുവില്‍ ഒരു ദിവസം കാട്ടുപൊന്തകള്‍ക്കിടയില്‍ നിന്നും കാലടിയൊച്ചകള് കേട്ടുതുടങ്ങി. അവ അടുത്തടുത്തുവന്നു. ഒടുവില്‍ ആ വിയറ്റ്നാമീസ് സംഘം അവളുടെ കണ്മുന്നിലെത്തി. കൂട്ടത്തിലൊരാള്‍ അവള്‍ക്കുനേരെ ഒരു കടലാസ്സ് നീട്ടി. അത് ആ വിമാനത്തിന്റെ പാക്സ് ലിസ്റ്റായിരുന്നു. സ്വന്തം പേര് ചൂണ്ടിക്കാണിക്കാന്‍ അയാള്‍ അവകാശപ്പെട്ടു. അവള് വിറയാര്‍ന്ന കൈവിരലുകളാല്‍ തന്റെ പേര് അയാള്‍ക്ക് കാണിച്ചുകൊടുത്തു. അയാള്‍ അവള്‍ക്ക് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കാന്‍ നല്കി. അതായിരുന്നു തന്റെ മുപ്പത്തൊന്നു വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവള് കുടിച്ചിറക്കിയ ഏറ്റവും സ്വാദിഷ്ടമായ പാനീയം.
അവര്‍ ആനെറ്റിനെ ഒരു കാന്‍വാസില്‍ കിടത്തി. രണ്ടറ്റവും ഒരു കമ്പില്‍ ബന്ധിച്ചു. എന്നിട്ട് അതിന്റെ ഓരോ ഏറ്റവും ഓരോ തോളിലേറ്റി രണ്ടുപേര്‍ അവളെ എടുത്തുയര്‍ത്തി. നടക്കുന്നതൊന്നും തന്നെ വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല അവള്‍ക്ക്. എട്ടുദിവസത്തെ നരകയാതനയ്ക്ക് ശേഷം താന്‍ രക്ഷപ്പെട്ടു എന്ന സത്യത്തെ ഉള്ളിലേക്കെടുക്കാന്‍ അവള്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പോകുംവഴി, തനിക്ക് പത്തടി മുകളില്‍ കിടന്ന് നിലവിളിച്ചിരുന്ന, ആ പെണ്‍കുട്ടിയുടെ മൃതദേഹം അവള് കണ്ടു.