മദ്യ- ഭൂ മാഫിയ ബന്ധം സി.പിഎം-സി.പി.ഐ ഭായ് ഭായ്

 

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്‍ തോതില്‍ മദ്യം ഒഴുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ പച്ചക്കൊടി കാട്ടുമ്പോള്‍ സി.പി.ഐ – ഭൂമാഫിയ ബന്ധത്തിന് ചൂട്ടുപിടിക്കുകയാണത്രെ സി.പി.എം.
സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറികളും ബാറുകളും തുറക്കന്നതിനൊപ്പം വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ തടയപ്പെടുകയും ചെയ്യുന്നു.
സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായ ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കോടതികളില്‍ തോറ്റുകൊടുക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് തുറന്നത് 402 ബാറുകളാണ്. മുന്‍പ് നിലവില്‍ ഇല്ലാതിരുന്ന 120 ബാറുകള്‍ക്കുകൂടി അനുമതി നല്‍കിയാണ് എണ്ണം 402ലേക്ക് ഉയര്‍ത്തിയത്. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കണമെന്ന നയം നിലവിലുള്ളതിനാല്‍ എണ്ണം ഇനിയും ഉയരും. ഇപ്പോള്‍ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 432ആണ്.ദേശീയസംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകള്‍ അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്‍ റോഡുകളെ സര്‍ക്കാര്‍ തരംതാഴ്ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവില്‍ സുപ്രീംകോടതി തന്നെ ഇളവ് നല്‍കിയപ്പോള്‍ ബാറുകള്‍ തുറക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്‍ക്കുമാത്രം ബാര്‍ ലൈസന്‍സ് എന്ന് തീരുമാനമെടുത്തതോടെ ത്രി സ്റ്റുകള്‍ മുതലുള്ള ബാറുകള്‍ പൂട്ടിട്ടി. ഇതോടെ ബാറുകളുടെ എണ്ണം 30 ആയി ചുരുങ്ങുകയും ചെയ്തു.
സംസ്ഥാനത്ത് 468 ബിയര്‍വൈന്‍ പാര്‍ലറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കവയും ത്രീ സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (ഐ.ടി.ഡി.സി.) സ്റ്റാര്‍ പദവി നല്‍കേണ്ടത്. സൗകര്യമൊരുക്കി ഇവയും ഒപ്പം പുതിയ ഹോട്ടലുകളും അപേക്ഷയുമായി എത്തിയാല്‍ ലൈസന്‍സ് അനുവദിക്കേണ്ടിവരും. ചുരുക്കത്തില്‍ സംസ്ഥാനത്ത് പലചരക്കുകടകള്‍ പോലെ ബാറുകള്‍ ഉയരും .വെള്ളം പോലെ മദ്യം ഒഴുകും ഇതിനായി കോഴയും.
ഭൂമി പ്രശ്‌നത്തില്‍ അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം കൈവശം വച്ചിരിക്കുന്ന വന്‍കിട കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സി.പി.ഐ കയ്യാളുന്ന റവന്യു വകുപ്പ് സ്വീകരിക്കുന്നത് .സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള നിയമവകുപ്പിന്റെ ആശിര്‍വാദവും ഇതിന് ആവോളം ലഭിക്കുന്നു.
ഹാരിസണ്‍പ്ലാന്റെഷന്റെ കൈവശമുള്ള 38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതി തടയിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളിമൂലമാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒന്നുമറിയാത്ത ഗവണ്‍മെന്റ് പ്ലീഡര്‍മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു എന്ന മുന്‍ റവന്യു പ്ലീഡര്‍ സുശീലാ ഭട്ടിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇനിയും സര്‍ക്കാരിനായിട്ടില്ല.
ഭൂമി ഏറ്റെടുക്കന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ക്ക് കോടതി തടയിട്ടത് കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥമൂലമായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് ശേഷം കേസുകള്‍ അട്ടിമറിക്കുന്നതിന് ബോധപൂര്‍വ ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നു. കേസുകളില്‍ സര്‍ക്കാറിന് അനുകൂലമായി വിധികള്‍ നേടിയ പബ്ലിക് പ്രോസിക്യുട്ടര്‍ സുശീല.ആര്‍.ഭട്ടിനെ മാറ്റിയത് വിമര്‍ശനത്തിന് ഇടയാക്കി. തോട്ടം ഭൂമി ഏറ്റെടുക്കണമെന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടു. രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമ സാധുതയില്ലെന്ന് നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതും വിവാദമായിരുന്നു.

SHARE