മിച്ചഭൂമി വിവാദം: എല്‍.ഡി.എഫില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

 

റവന്യൂ വകുപ്പിനെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട മിച്ചഭൂമി വിവദവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. വിവാദത്തിലുള്‍പ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറിയെയും റവന്യൂ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ രംഗത്തെത്തിയത് വയനാട്ടില്‍ നേരത്തേ പുകഞ്ഞുതുടങ്ങിയ സി.പി.എം, സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാര്‍ത്തക്ക് പിന്നിലും സി.പി.എം നേതാക്കളുടെ പിന്തുണയുണ്ടെന്ന നിഗമനത്തിലാണ് സി.പി.ഐ. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞൈടുപ്പില്‍ സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിച്ചതും ഈ പോരിന്റെ ഭാഗമായിരുന്നു.

തോമസ് ചാണ്ടി, കെ.എം. മാണി വിഷയങ്ങളില്‍ സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന സി.പി.ഐക്കെതിരെ കിട്ടുന്ന അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം. ഇന്നലെ നിയമസഭയില്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വിശദീകരങ്ങളിലെ വൈരുധ്യം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വാര്‍ത്ത ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വിശദീകരണം. സംഭവത്തില്‍ വയനാട് ജല്ലാ സെക്രട്ടറിയെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടിലും മന്ത്രി ഉറച്ചുനിന്നു. അതേസമയം സി.പി.ഐക്കും റവന്യൂ വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നത് സി.പി.ഐ ഞെട്ടിച്ചിരിക്കുകയാണ്. ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നായിരുന്നു ഗഗാറിന്റെ പ്രതികരണം. വയനാട്ടില്‍ മിച്ചഭൂമി കയ്യേറ്റം വ്യാപകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിജയന്‍ ചെറുകരക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു ഈ പോസ്‌റ്റെന്നാണ് സി.പി.ഐ കരുതുന്നത്. മുന്നണി മര്യാദപോലും പാലിക്കാതെ സി.പി.ഐയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സി.പി.ഐ വിശ്വസിക്കുന്നു.

ജില്ലയില്‍ സി.പി.എം, സി.പി.ഐ പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം മാനന്തവാടിയില്‍ സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഒരു എസ്.ഐക്കും 7 സി.പി.ഐ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. കേസില്‍ 12 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലുമായി. ഇതിന് ശേഷം മാനന്തവാടിയില്‍ സി.പി.ഐ മന്ത്രിമാരുടെ പരിപാടിയില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കാറില്ല. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ നിന്ന് സി.പി.ഐയും വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ കല്‍പ്പറ്റ ലോക്കല്‍ കമ്മിറ്റി ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിട്ടും ഒരു സ്റ്റാന്റിംഗ് കമ്മിറ്റി പോലും നല്‍കാന്‍ സി.പി.എം. തയ്യാറായിരുന്നില്ല. കല്‍പ്പറ്റ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് രണ്ട് സീറ്റ് നല്‍കിയപ്പോഴും സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു സി.പി.എം. ഇതില്‍ പ്രതിഷേധിച്ച് അന്ന് സി.പി.ഐയിലെ വി.ജി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനെതിരെ മത്സരരംഗത്തെത്തുകയും ചെയ്തിരുന്നു.

പുതിയ വിവാദത്തില്‍ സി.പി.ഐക്കെതിരെ പരസ്യ നിലപാടെടുക്കുക വഴി, സി.പി.ഐയെ പ്രതിരോധത്തിലാക്കാനാണ് സി.പി.എം. ശ്രമം. അതുവഴി കെ.എം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെയുള്ള സി.പി.ഐ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കഴിയും എന്നും സി.പി.എം വിശ്വസിക്കുന്നു.

SHARE